മുംബൈ: നിഫ്റ്റി 32 പോയിന്റും സെന്‍സെക്സ് 7 പോയിന്റും നേട്ടത്തോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 14707ലും സെന്‍സെക്സ് 49751ലുമാണ് ക്ലോസ് ചെയ്തത്. അഞ്ച് ദിവസം തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 14,650 പോയിന്റിലെ താങ്ങ് നിലവാരത്തിന് മുകളിലായി നിഫ്റ്റി വ്യാപാരം ചെയ്യുന്നതാണ് ഇന്ന് കണ്ടത്.
14,652 പോയിന്റ് വരെ താഴ്ന്ന നിഫ്റ്റി ഒരു ഘട്ടത്തില്‍ 14,854 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും വീണ്ടും ചാഞ്ചാട്ടം നേരിട്ടു. വ്യാപാരാന്ത്യത്തില്‍ 32 പോയിന്റ് നേട്ടം മാത്രമേ നിഫ്റ്റിക്ക് രേഖപ്പെടുത്താനായുള്ളൂ.
ബാങ്ക്, ഫാര്‍മ എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക 3.04 ശതമാനം ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 35,600ന് മുകളിലേക്ക് രാവിലെ ഉയര്‍ന്നെങ്കിലും പിന്നീട് 500 പോയിന്റോളം ഇടിവ് നേരിട്ടു.
എണ്ണ മേഖലയിലെ പൊതുമേഖലാ ഓഹരികള്‍ ഇന്ന് മികച്ച നേട്ടമാണ് രേഖപ്പെടുത്തിയത്. ഒഎന്‍ജിസിയും ഗെയിലും എണ്ണ വിപണന കമ്പനികളുടെ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. എന്‍എസ്ഇയിലെ 756 ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ 1142 ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.