1988 ഇല്‍ ഇറങ്ങിയ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരുന്നു ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’. എസ് എന്‍ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് എം മണിയാണ്. അക്കാലത്ത് നടന്ന കുപ്രസിദ്ധമായ പോളക്കുളം കേസില്‍ നിന്നും പ്രചോദനം കൊണ്ടെന്ന മട്ടില്‍ എഴുതിയ ഈ ചിത്രത്തില്‍ നായകനായ മമ്മൂട്ടി എത്തിയത് ഒരു സിബിഐ ഉദ്യോഗസ്ഥനായിട്ടായിരുന്നു. കൂര്‍മബുദ്ധിയുള്ള, അതേസമയം സൗമ്യനും ശാന്തനുമായ, എന്നാല്‍ ഒരു ഡിറ്റക്റ്റീവിന്റെ യാതൊരു ഭാവവുമില്ലാത്ത സേതുരാമയ്യര്‍.
യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിനെ മനസ്സില്‍ കരുതിയാണ് ഈ ചിത്രം എഴുതി തുടങ്ങിയതെന്ന് അതിന്റെ പിന്നണിയിലുള്ളവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷെ മോഹന്‍ലാല്‍ അത്തരം ചില കഥാപാത്രങ്ങള്‍ ആയിടെ ചെയ്തുവെന്ന കാരണത്താല്‍ പിന്മാറിയപ്പോള്‍ നറുക്കു വീണത് മമ്മൂട്ടിക്കായിരുന്നു.
മമ്മൂട്ടിയുടെ അടുത്ത് ഈ കഥ എത്തുമ്പോള്‍ ഇതിലെ നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഒരു പോലീസ് ഓഫീസറായ അലി ഇമ്രാന്‍ ആയിരുന്നുവത്രെ. മമ്മൂട്ടിയാണ് കുറിയൊക്കെ തൊട്ട, ഇടയ്‌ക്കൊക്കെ മുറുക്കുന്ന, ഷര്‍ട്ട് വെളിയില്‍ ഇട്ടു നടക്കുന്ന ഒരു പട്ടരെ സജസ്റ്റ് ചെയ്തത്. അങ്ങനെ സേതുരാമയ്യര്‍ പിറവിയെടുത്തു.
അതിനിടയില്‍ പറയട്ടെ, ഇതില്‍ വഴിയിലുപേക്ഷിച്ച അലി ഇമ്രാന്‍ എന്ന പേര് എസ് എന്‍ സ്വാമി പിന്നീട് താനെഴുതിയ ‘മൂന്നാം മുറ’ എന്ന ചിത്രത്തിലെ നായകന് കൊടുത്തു. ആ കഥാപാത്രം ചെയ്തതാവട്ടെ മോഹന്‍ലാലും.
സേതുരാമയ്യര്‍ക്ക് കുറച്ചു പ്രത്യേകതകളുണ്ട്. അക്കാലത്തു കേരളത്തില്‍ സിബിഐ ഉദ്യോഗസ്ഥനായിരുന്ന ഒരാളുടെ രീതികളില്‍ നിന്ന് എടുത്തിട്ടുള്ളതാണ് സേതുരാമയ്യരുടെ ചില മാനറിസം എന്ന് ആ ഉദ്യോഗസ്ഥന്‍ തന്നെ പറയുകയുണ്ടായി. ഒഫീഷ്യല്‍ സമയത്തിന് ശേഷം ബനിയനിട്ടു നടക്കുന്നതും ഒരു പ്രത്യേക രീതിയില്‍ നടക്കുന്നതുമൊക്കെ തന്റെ രീതികള്‍ തന്നെയെന്ന് അദ്ദേഹം കരുതുന്നു.
ഭാര്യയോട് ഫോണില്‍ തമിഴില്‍ സംസാരിക്കുകയും ചെയ്യുന്ന ഭര്‍ത്താവും മകന്റെ പഠിത്ത കാര്യത്തില്‍ ശ്രദ്ധിക്കുകയും ഒക്കെ ചെയ്യുന്ന ഒരച്ഛനുമാണ് സേതുരാമയ്യര്‍. കേസ് തെളിയിക്കുന്നതിനുള്ള വൈദഗ്ദ്യം ഒഴിച്ച് നിര്‍ത്തിയാല്‍ പറയത്തക്ക ഹീറോയിസം ഒന്നും കാണാനില്ലാത്ത ഒരു സാധാരണ മനുഷ്യന്‍. ഈ ഭാര്യ ഒരിക്കല്‍ പോലും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ഒരു കൗതുകമാണ്.
ഔസേപ്പച്ചന്‍ എന്ന പുതുപ്പണക്കാരന്‍ മുതലാളിയുടെ മരുമകളായ ഓമനയുടെ മരണമാണ് ‘ഒരു സിബിഐ ഡയറികുറിപ്പി’ലെ പ്രമേയം. ആത്മഹത്യ എന്ന് കരുതിയ മരണം ഓമനയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തെത്തുടര്‍ന്ന് സിബിഐ ഏറ്റെടുക്കുന്നു. ചില സാഹചര്യതെളിവുകളും ഡമ്മി പരീക്ഷണവുമൊക്കെയായി അത്യന്തം ത്രസിപ്പിക്കുന്ന രീതിയില്‍ ആണ് സിബിഐ ഇതൊരു കൊലപാതകമാണെന്ന് തെളിയിക്കുന്നതും തുടര്‍ന്ന് പ്രതിയെ പിടിക്കുന്നതും.
‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ വന്‍വിജയമായി. മമ്മൂട്ടിയും, കൂടെ അഭിനയിച്ച സുരേഷ് ഗോപിയും, ജഗതി ശ്രീകുമാറും, ലിസിയും, ജനാര്‍ദ്ദനനും, പ്രതാപചന്ദ്രനും മുകേഷുമൊക്കെ ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് നേട്ടമുണ്ടാക്കി.
സിബിഐ എന്നത് വിശ്വാസ്യതയുടെ പേരായി മാറി. സേതുരാമയ്യരാവട്ടെ മലയാളികളുടെ സ്വന്തം ഷെര്‍ലക് ഹോംസും.
ഒരു സിബിഐ ഡയറിക്കുറിപ്പിനു പിന്നീട് മൂന്നു ഭാഗങ്ങളും ഉണ്ടായി. 1989 ഇല്‍ പുറത്തിറങ്ങിയ ‘ജാഗ്രത’, 2004 ഇല്‍ ഇറങ്ങിയ സേതുരാമയ്യര്‍ സിബിഐ യും, അടുത്ത കൊല്ലം ഇറങ്ങിയ നേരറിയാന്‍ സിബിഐയും ഇതിലുള്‍പ്പെടുന്നു. ഓരോ തവണയും പ്രേക്ഷകര്‍ കാത്തിരുന്നത് സേതുരാമയ്യരുടെ തിരിച്ചു വരവിനായാണ്.
അതാണ് ഉടനെ ഉണ്ടാവുമെന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്നത് സിബിഐ സീരിസിലെ അഞ്ചാമത് ചിത്രത്തില്‍ ആയിരിക്കുമെന്ന് കേള്‍ക്കുന്നു. എസ് എന്‍ സ്വാമി തിരക്കഥ ഒരുക്കി കഴിഞ്ഞു. കെ മധു തന്നെയാണ് സിബിഐ 5 ന്റെ ഡയറക്ടര്‍.