മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ പിടികൂടാനേല്‍പ്പിച്ച് സര്‍ക്കാര്‍.
പിആര്‍ഡിയുടെ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും ഉള്‍പ്പെട്ടു. ആരോഗ്യവകുപ്പില്‍ ജോയന്റ് സെക്രട്ടറിയായ അദ്ദേഹത്തെ വകുപ്പിന്റെ പ്രതിനിധിയായാണ് പിആര്‍ഡിയുടെ ഫാക്‌ട് ചെക്ക് ഡിവിഷനിലേക്ക് നാമനിര്‍ദേശം ചെയ്തത്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ചുമതലയും സി.എഫ്.എല്‍.ടി.സി.കളുടെ ചുമതലയും നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കോവിഡ് നിയന്ത്രണ കാലയളവിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ജൂണോടെ പി.ആര്‍.ഡി.യില്‍ ഫാക്‌ട് ചെക്ക് ഡിവിഷന്‍ രൂപവത്കരിച്ചത്. പി.ആര്‍.ഡി. സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പോലീസ്, ഐ.ടി., ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളാക്കിയിരുന്നു. രണ്ട് മാധ്യമ എഡിറ്റര്‍മാരെയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
സൈബര്‍ സെക്യൂരിറ്റി വിദഗ്‌ധന്‍, ഫാക്‌ട് ചെക്കിങ് വിദഗ്‌ധന്‍, സൈബര്‍ ഡോം, ഫൊറന്‍സിക് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍, സി-ഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥന്‍ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ശ്രീറാം ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍നിന്ന് തടിയൂരാന്‍ ശ്രമിച്ച അദ്ദേഹത്തിനെതിരേ മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. മാധ്യമ ഇടപെടലിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതും. ഈ കേസില്‍ മൂന്നുതവണ കോടതി നോട്ടീസ് നല്‍കിയിട്ടും അദ്ദേഹം ഹാജരായിട്ടില്ല.