തിരുവനന്തപുരം: നവോഥാന നായകനായ ചട്ടമ്പിസ്വാമികള്‍ക്ക് തലസ്ഥാന നഗരിയില്‍ ഉചിതമായ സ്മാരകം സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനകക്കുന്നിന് സമീപം ശ്രീനാരായണ ഗുരു പ്രതിമ അനാഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന പാതയില്‍ കേരളത്തെ വഴിതിരിച്ചുവിട്ടയാളാണ് ശ്രീനാരായണ ഗുരു. എന്നാല്‍ സര്‍ക്കാരിന്റേതായി ഒരു ഗുരു പ്രതിമയുണ്ടായിരുന്നില്ല. ഈ പോരായ്മ മാറ്റാണ് തലസ്ഥാനത്ത് പ്രതിമ സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കാലത്തും ഗുരുവിന്റെ സന്ദേശത്തിന് പ്രസക്തിയുണ്ട്. കാലം മാറിയിട്ടും ദുരാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലും മന്ത്രവാദം മുതല്‍ സ്ത്രീ വിരുദ്ധ പ്രചാരണം വരെ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെ തോല്‍പ്പിക്കാന്‍ ഗുരു സന്ദേശം പ്രസക്തമാണ്.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോള്‍ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മതമേതായലും എന്ന് പറഞ്ഞത് മാനവിക വീക്ഷണമാണ് ഒരു സമുദായത്തില്‍ മാത്രമല്ല എല്ലാ സമുദായത്തിലും ഗുരു സന്ദേശം അലയൊലി ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.











