ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നല്‍കേണ്ട കോഴ്സുകളെ സംബന്ധിച്ച് തീരുമാനിക്കാന്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കോഴ്സുകളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നല്‍കേണ്ട കോഴ്സുകളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. മുബാറക് പാഷ അറിയിച്ചു.
സംസ്ഥാനത്തെ പ്രഥമ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരളാ ഗവര്‍ണര്‍ പുറപ്പെടുവിച്ച 2020 ലെ 45 ആം ഓര്‍ഡിനന്‍സ് പ്രകാരമാണ് നിലവില്‍ വന്നത്. മറ്റു സര്‍വകലാശാലകളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് ഓപ്പണ്‍ സര്‍വകലാശാല ലക്ഷ്യം വയ്ക്കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുവാനും നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന കോഴ്സുകള്‍ പ്രായഭേദമന്യേ സമസ്ത ജനങ്ങള്‍ക്കും പ്രദാനം ചെയ്യുവാനുമാണ് സര്‍വകലാശാല ഉദ്ദേശിക്കുന്നത്.
പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക. എല്ലാ കോഴ്സുകള്‍ക്കും റിക്കോര്‍ഡ് ചെയ്ത വീഡിയോയും അച്ചടിച്ച പഠന മെറ്റീരിയലുകളും ഓണ്‍ലൈന്‍ ലൈവ് ക്ളാസ്സുകളും സ്റ്റഡി സെന്ററുകളിലൂടെ നേരിട്ടുള്ള ക്ളാസ്സുകളും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഹ്രസ്വകാല-ദീര്‍ഘകാല കോഴ്സുകളും ബിരുദ ബിരുദാനന്തര കോഴ്സുകളും തൊഴില്‍ അധിഷ്ഠിത കോഴ്സുകളും നൈപുണ്യവികസന കോഴ്സുകളുമാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രാഥമികമായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ സമൂഹത്തിനാവശ്യമുള്ള നൂതന കോഴ്സുകളും നൈപുണ്യ വികസനത്തിനുതകുന്ന കോഴ്സുകളും ആരംഭിക്കാന്‍ സര്‍വകലാശാല ആലോചിക്കുന്നു എന്ന് പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്.വി സുധീര്‍ പറഞ്ഞു.
സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളില്‍ കോഴ്സിന്റെ പേരും കോഴ്സിന്റെ ദൈര്‍ഘ്യവും വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്. നിര്‍ദേശിക്കുന്ന കോഴ്സുകള്‍ ഏതു തലത്തിലുള്ളതാണെന്നും വ്യക്തമാക്കേണ്ടതാണ്. അതായത്, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങള്‍. കൂടാതെ, കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ പഠിതാവിന് ലഭ്യമാകേണ്ട ഗുണപ്രാപ്തി, തൊഴില്‍/തുടര്‍ പഠന സാധ്യതകള്‍ എന്നിവ ഓരോന്നും അഞ്ച് വരിയില്‍ കൂടാതെ വിവരിക്കണ്ടതാണ്. നിര്‍ദേശങ്ങള്‍ നവംബര്‍ 18 ന് മുന്‍പായി course.sreenarayanaguruou@gmail.com എന്ന ഈ-മെയിലില്‍ അയച്ചുതരേണ്ടതാണെന്ന് രജിസ്ട്രാര്‍ ഡോ. പി.എന്‍ ദിലീപ് അറിയിച്ചു.