ആകാശവാണിയിലെ ജോലി വിട്ടാണ് താന്‍ നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ഏഷ്യാനെറ്റിലേക്ക് പോയതെന്ന് ശ്രീകണ്ഠന്‍ നായര്‍. അന്ന് പലരും രക്ഷപ്പെടാന്‍ പറഞ്ഞെങ്കിലും റിസ്‌ക് എടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. സംഗീത സാഗരം എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റിനെ തിരിച്ചുപിടിക്കാനായെന്നും ശ്രീകണ്ഠന്‍ നായര്‍ ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’നോട് പറഞ്ഞു.
ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍
പ്രസാര്‍ ഭാരതിയില്‍ പ്രക്ഷേപകനായി ജോലി ചെയ്യുന്ന സമയം തന്നെ ഏഷ്യാനെറ്റില്‍ അവതാരകനായും പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്താണ് ഡോ റെജി മേനോന്‍ എന്നെ വിളിക്കുന്നത്. കാലത്തിന് മുന്‍പേ സഞ്ചരിച്ച വ്യക്തിയാണ് അദ്ദേഹം. മലയാളം ടെലിവിഷനില്‍ റിയാലിറ്റി ഷോ ഡോമിനേറ്റ് ചെയ്യും. ഇപ്പോള്‍ തന്നെ അതിന്റെ പണികള്‍ തുടങ്ങിക്കോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് വളരെ ലാഘവത്തോടെയാണ് അത് കണ്ടത്.
ഒരു ദിവസം അദ്ദേഹം പറഞ്ഞു’ ശ്രീകണ്ഠന്‍ നായരെ, നിങ്ങളീ റേഡിയോയില്‍ സംസാരിക്കാതെ ടെലിവിഷനിലേക്ക് വരൂ.. ഇവിടെ ഒരുപാട് ചെയ്യാനുണ്ട്’ എന്ന്. സര്‍ക്കാര്‍ ശമ്പളവും വാങ്ങി ഇരിക്കാം, എങ്ങോട്ടുമില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിളി വന്നു. വീട്ടിലേക്ക് ഉടന്‍ എത്തണമെന്ന് പറഞ്ഞു. അവിടെ പോയപ്പോള്‍ ‘യുആര്‍ അപ്പോയിന്റഡ് ഇന്‍ പുളിയറക്കോണം’ എന്ന് പറഞ്ഞു. ശമ്പളവും സ്ഥാനവും നിങ്ങള്‍ തന്നെ തീരുമാനിച്ചോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഏഷ്യാനെറ്റ് തുടക്കത്തില്‍ നില്‍ക്കുന്ന സമയമാണ്. അത്യാവശ്യം പൈസയ്ക്ക് നല്ല പ്രശ്‌നമുണ്ടായിരുന്നു. ഞാന്‍ അച്ഛനോട് ചോദിച്ചപ്പോള്‍ നിന്റെ തലയ്ക്ക് ഓളമാണോ എന്നാണ് ചോദിച്ചത്. പിന്നെ ഭാര്യയുടെ സഹോദരന്‍ ആഫ്രിക്കയിലുണ്ട് . അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘എടുത്ത് കളഞ്ഞിട്ട് പോയ് ജോയ്ന്‍ ചെയ്യപ്പാ..റിസ്‌ക് എടുക്കാത്തവന്‍ ആരും ലോകത്തില്‍ രക്ഷപ്പെടുത്തിട്ടില്ല’ എന്നാണ് പറഞ്ഞത്. അങ്ങനെ ഞാന്‍ ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്തു.
മൂന്നാം ദിവസം, അവിടെ ജോലി ചെയ്ത മറ്റൊരു വ്യക്തി എന്നോട് ഏഷ്യാനെറ്റ് പൂട്ടാന്‍ പോകുകയാണെന്ന് പറഞ്ഞു. ഇന്ന് അദ്ദേഹം മറ്റൊരു മാധ്യമത്തില്‍ ജോലി ചെയ്യുന്നുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല. 2002ല്‍ ആണ് ഇത് നടക്കുന്നത്. 15 കോടി നഷ്ടത്തിലായിരുന്നു ചാനല്‍.
സര്‍ക്കാര്‍ ജോലിയും രാജിവെച്ച് അബദ്ധമായി പോയോ എന്ന് എനിക്ക് ടെന്‍ഷനായി. “എന്നെ എന്തിനാണ് ഇങ്ങോട്ട് വിളിച്ചതെ”ന്ന് ഡോക്ടറോട് ചോദിച്ചു. ലാഭത്തില്‍ ഓടുന്ന കമ്പനിക്ക് എന്തിനാണ് നിങ്ങളുടെ ആവശ്യം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊക്കെ ഒരു ചലഞ്ചായി ഏറ്റെടുക്കണമെന്ന് പറഞ്ഞു. നടുക്കടലില്‍ വീണ അവസ്ഥയായിരുന്നു എന്റേത്. പിന്നെ ഒരു മീറ്റിംഗ് വിളിച്ച് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ രക്ഷപ്പെടുകയുള്ളൂ എന്നൊക്കെ പറഞ്ഞു. കുറച്ചുദിവസത്തേക്ക് ആര്‍ക്കും ലീവ് ഇല്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
അന്ന് സൂര്യ ടിവി ആയിരുന്നു റേറ്റിംഗില്‍ ഒന്നാമത്. അടിപൊളി പടവുമൊക്കെ ഇട്ട് കളര്‍ഫുള്‍ ആയിരുന്നു സൂര്യ. അവരെ തകര്‍ക്കുക എന്നത് നിസാര കാര്യമല്ല. ആ സമയത്താണ് സംഗീത സാഗരം എന്ന പരിപാടി ചെയ്തത്. സഹപ്രവര്‍ത്തകരായ പലരുടെയും സഹകരണം ലഭിച്ചില്ല. ഡാ എന്ന് വിളിച്ച് നടന്നവനെ സര്‍ എന്ന് വിളിക്കണമല്ലോ എന്ന ഈഗോ പലര്‍ക്കും ഉണ്ടായിരുന്നു. പിന്നീട് അതൊക്കെ മാറി.
സീരിയല്‍ എല്ലാം മാറ്റിവെച്ച് 9 മണിക്കാണ് ഈ പരിപാടി ടെലികാസ്റ്റ് ചെയ്തത്. ആ ആഴ്ച്ചത്തെ റേറ്റിംഗ് വന്നപ്പോള്‍ കൂപ്പ് കുത്തി വീണു. പിന്നെ ആ പരിപാടിയുടെ പോസ്റ്റ് പ്രൊഡക്ഷനൊന്നും ആരും ഇല്ലാതായി. എല്ലാവരും ദയനീയതോടെയാണ് എന്നെ നോക്കിയത്. എന്നാല്‍ അടുത്തയാഴ്ച്ച ഏഷ്യാനെറ്റിന് അക്ഷരാര്‍ത്ഥം ഞെട്ടിച്ച റേറ്റിംഗ് ആയിരുന്നു. രണ്ട് പോയിന്റില്‍ നിന്ന് 12 പോയിന്റിലേക്കാണ് കയറിയത്. എസ് പി ബാലസുബ്രഹ്മണ്യം വന്ന എപ്പിസോഡ് ആയിരുന്നു അത്. ഏഷ്യാനെറ്റിന്റെ വിജയചരിത്രം ആരംഭിച്ചത് സംഗീത സാഗരം ആണ്.
വാര്‍ത്തയുടെ വീഡിയോ കാണാം
https://www.youtube.com/watch?v=FtOJRbJLX5Q