സ്പുട്‌നിക് വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച് റഷ്യ. മരുന്ന് വികസനം, വിതരണം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്ത ആഴ്ച നടത്തുന്ന റഷ്യ സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ച ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള സാധ്യതയും റഷ്യ തേടിയേക്കും.
പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിദഗ്ധര്‍ സ്പുട്‌നിക് വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് അറിയിച്ചിരുന്നു.
സ്പുട്‌നിക് 5ന്റെ ക്ലിനിക്കല്‍ പരീക്ഷണ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പരീക്ഷത്തിന്റെ ഭാഗമായ 76 പേരിലും പ്രതിരോധ ശക്തി രൂപപ്പെട്ടു. 42 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് പരീക്ഷണ ഫലം ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചത്.