തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്‌ളര്‍ കരാറിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എല്ലാം തീരുമാനിച്ചത് മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കറാണെന്നും മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡിന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ യുഎസ് ബന്ധമുള്ള പിആര്‍ കമ്പനിക്ക് മറിച്ചു നല്‍കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്പ്രിംഗ്‌ളര്‍ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കിയിരുന്നു.
ഈ സംഭവത്തില്‍ പിന്നീട് മാധവന്‍ നായര്‍ കമ്മിറ്റിയെ വച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുകയായിരുന്നു. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കോവിഡ് വന്‍തോതില്‍ ഉയരുമെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡാറ്റബേസ് തയ്യാറാക്കുന്നതിനായി വിദേശത്ത് നിന്നുള്ള മലയാളിയുടെ കമ്പനിയുടെ സഹായം തേടിയത്.
എന്നാല്‍ കരാര്‍ നിബന്ധനകള്‍ക്ക് മേല്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നിബന്ധനകള്‍ തെറ്റിച്ചാല്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ കേസ് നടത്തേണ്ടി വന്നേനെ, കരാര്‍ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.











