തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഞ്ചേരിയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം എല്‍ എ. എം ഉമ്മറാണ് 65ാം ചട്ട പ്രകാരം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള ബന്ധം സംശയാസ്പദമാണെന്ന് നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. സ്പീക്കര്‍ പദവിയുടെ അന്തസ്സിനും പവിത്രതക്കും നിരക്കാത്ത പ്രവൃത്തിയാണ് ശ്രീരാമകൃഷ്ണനില്‍ നിന്നുണ്ടായിട്ടുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതികളിലൊരാളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ പോയതും സംശയകരമാണ്.
സഭ ചേരുന്നതിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. 27 ന് ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ചേരാന്‍നേരത്തെ നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഈ ചട്ടം പാലിക്കാനാവില്ല. അതിനാല്‍, നിയമസഭാ സെക്രട്ടറി നോട്ടീസ് തള്ളാനുള്ള സാധ്യത കൂടുതലാണ്.












