ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതായി എംജിഎം ഹെല്‍ത്ത് കെയര്‍ അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ഗായകനെ പ്രത്യേക ആരോഗ്യ വിദഗ്ധ സംഘം തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച് എസ്പിബിയെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്. കുറച്ചുനാളായി പനിയും ജലദോഷവും അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്ന് എസ്പിബി ഫെയ്‌സ്ബുക്കില്‍ കോവിഡ് സ്ഥിരീകരിച്ച് പറഞ്ഞു. ഭയപ്പെടാന്‍ ഒന്നും ഇല്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ആശുപത്രിയിലേക്ക് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് 13 ഓടെ അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു.











