കൊല്ലത്തെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് പറക്കോട്ടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൂരജിന്റെ മൊഴിയും ഗാര്‍ഹിക പീഡന നിയമവും മുന്‍നിര്‍ത്തിയാണ് അറസ്റ്റ്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ മൂന്ന് തവണയാണ് ചോദ്യംചെയ്തത്. ഉത്രയ്ക്ക് ഗാര്‍ഹിക പീഡനം നേരിടേണ്ടിവന്നെന്ന പരാതിയും ഇരുവര്‍ക്കുമെതിരേ ഉയര്‍ന്നിരുന്നു. കൂടാതെ ഉത്ര ഗാര്‍ഹികമായി പീഡിപ്പിക്കപ്പെട്ടു എന്നതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൂരജിന്റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.
ഭര്‍തൃവീട്ടില്‍ വെച്ച് പാമ്പ് കടിച്ചതിനെ തുടര്‍ന്നുളള ചികിത്സ, വിശ്രമം എന്നിവയ്ക്കായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ഉത്രയെ വീണ്ടും പാമ്പ് കടിക്കുന്നത്. 2020 മെയ് ഏഴിനായിരുന്നു ഇത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്രയുടെ വീട്ടുകാര്‍ ഉന്നയിച്ച സംശയങ്ങളെ തുടര്‍ന്നാണ് അന്വേഷണം നടന്നതും ഭര്‍ത്താവായ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതും. സൂരജ് റിമാന്‍ഡിലാണ് ഇപ്പോള്‍.