മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും ഒരുപാട് ഗാനങ്ങള്‍ പാടുകയും സംഗീതം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട് മലയാളത്തിന്റെ പ്രിയഗായകന്‍ സൂരജ് സന്തോഷ്. എന്നാല്‍ സൂരജ് ഏറ്റവും അനുഗ്രഹമായി കാണുന്നത് ഇളയരാജയുടെ സംഗീതത്തില്‍ രണ്ട് ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞതാണ്. തമിഴിലും കന്നടയിലുമായാണ് രണ്ട് ഗാനങ്ങള്‍ പാടിയത്. ഇതിനെക്കുറിച്ച് സൂരജ് ‘ദി ഗള്‍ഫ് ഇന്ത്യന്‍സ് നോട് പങ്കുവെച്ചത് ഇങ്ങനെ:
ഇളയരാജ സാറിന്റെ രണ്ട് ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു. കിട പൂസാരി മകുടി എന്ന ചിത്രത്തിന് വേണ്ടി പാടാനാണ് ആദ്യം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നത്. ‘ചിന്ന പയ്യന്‍ മനസ്സ്‘ എന്ന ഡ്യൂയറ്റ് ഗാനമായിരുന്നു ആദ്യ ഗാനം. ഹാര്‍മോണിയം വെച്ച് 40 മിനിറ്റോളം അദ്ദേഹം പാട്ടുപഠിപ്പിച്ചു. ഒറ്റയടിക്ക് പല്ലവി മൊത്തം പാടണം. പിന്നീട് ഒറ്റ ടേക്കില്‍ ചരണം പാടണം…അതാണ് ഇളയരാജ സാറിന്റെ ശൈലി. ഞാന്‍ ശരിക്കും പേടിച്ചു. പക്ഷേ ഏറ്റവും വേഗം റെക്കോര്‍ഡിങ് കഴിഞ്ഞ ഗാനവും അതാണ്. സാറിന് എന്താണ് നമ്മള്‍ പാടേണ്ടത് എന്നതില്‍ വ്യക്തമായ ധാരണയുണ്ട്. നമ്മുടേതായ പരിപാടികളൊന്നും പാട്ടില്‍ പാടില്ല. സാര്‍ പറയുന്നതെന്താണോ അത് പാടിയാല്‍ മതി എന്നാണ് രീതി.പാട്ടിനെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പറയുന്നത്.
പിന്നെയൊരു കന്നട പടത്തിന് വേണ്ടിയായിരുന്നു ഇളയരാജ സംഗീതത്തില്‍ പാടിയത്.
ദേവി ശ്രീ പ്രസാദ്, തമന്‍, ഡി ഇമാന്‍ തുടങ്ങിയവര്‍ക്കൊപ്പവും തമിഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.