ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ബിജെപി ആയുധമാക്കുന്നുവെന്ന് സോണിയ തുറന്നടിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയയുടെ വിമര്‍ശനം.
സാധാരണ ജനതയ്ക്ക് വേണ്ടി ശബ്ദിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ജയിലില്‍ അടക്കുകയാണെന്ന് സോണിയ ഗാന്ധി പറയുന്നു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ എംഎല്‍എമാരും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്തിരിക്കുമ്പോഴാണ് സോണിയയുടെ ഈ പ്രസ്തവന. ബിജെപിയുടെ ഇംഗിതം അനുസരിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഏജന്‍സികള്‍ പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും താളത്തിനൊത്ത് തുള്ളുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
വയനാട് സന്ദര്‍ശന വേളയില്‍ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും ഇതേ അഭിപ്രായം വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുലിന്റെ ഈ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യ പ്രതികരണം നടത്തിയിരുന്നു. ചെന്നിത്തലയുടെ പ്രതികരണം ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്.












