കൊച്ചി : നിത്യസംഭവങ്ങൾ അണു കവിതയാക്കി സംഗീതം ചെയ്യിപ്പിച്ച് ദൃശ്യരൂപത്തിൽ തുടർച്ചയായി അവതരിപ്പിച്ച് പ്രവാസി വ്യവസായി സോഹൻ റോയ് ആയിരം ദിവസം തികച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച അണുകാവ്യങ്ങളുടെ എണ്ണം ഓഗസ്റ്റ് ഒൻപതിനാണ് ആയിരം തികഞ്ഞത്. ‘ഡാം 999’ എന്ന സിനിമയിലൂടെ അന്തർദ്ദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സംവിധായകന്‍ കൂടിയാണ് സോഹൻ റോയ്.
വിനോദവും വിജ്ഞാനവും വിമർശനവും ഹാസ്യവും പരിഹാസവും സമ്മേളിക്കുന്നതാണ് കുഞ്ചൻ നമ്പ്യാരെയും കുഞ്ഞുണ്ണി മാഷിനെയും അനുസ്മരിപ്പിക്കുന്ന സോഹൻ റോയിയുടെ രചനാരീതി. നാലു വരിയിൽ അണുകവിത എന്നാണ് ഇവ അറിയപ്പെടുന്നത്. ഓരോ ദിവസവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് രചന. സംഗീതം നൽകി ദൃശ്യവത്കരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് രീതി. സമകാലിക വിഷയങ്ങളെക്കുറിച്ച് ദാർശനികം ഹാസ്യം, ശൃംഗാരം, കരുണം, രൗദ്രം, അത്ഭുതം, വീരം, ശാന്തം തുടങ്ങിയ രസാധിഷ്ഠിതമായ ശൈലിയിലാണ് കാവ്യരചന.
അറുനൂറ്റിയൊന്ന് കവിതകൾ പൂർത്തിയായപ്പോൾ ‘അണുമഹാകാവ്യം’ എന്ന പുസ്തകം 2019 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും സൂര്യ ഫെസ്റ്റിവലിലും പ്രകാശനം ചെയ്തിരുന്നു. 125 കവിതകൾ ഉൾപ്പെടുത്തി ഡി.സി ബുക്‌സ് ‘അണുകാവ്യം’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. ശ്രീകുമാരൻ തമ്പി, ടി.പി ശാസ്തമംഗലം, പ്രൊഫ. വിവേകാനന്ദൻ തുടങ്ങിയവർ നൽകിയ പ്രോത്സാഹനമാണ് ശക്തിയെന്ന് സോഹൻ റോയ് പറയുന്നു.
നടൻ സലിംകുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ ഉൾപ്പെടെ സിനിമകൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയ ബി.ആർ ബിജുറാം ആണ് കവിതകൾക്ക് സംഗീതം നൽകുന്നത്. സോഹൻ റോയിയുടെ ഫേസ്ബുക്കിൽ കണ്ട ‘കുരുതി മോക്ഷം ‘ എന്ന കവിത സംഗീതം നൽകി പാടി കവിക്ക് അയച്ചുകൊടുത്തു. സംഗീതം ഇഷ്ടപ്പെട്ട കവി, പിതന്റെ കാവ്യ യാത്രയിൽ ഒപ്പംകൂട്ടി. സംഗീതവും ഓർക്കസ്ട്രേഷനും ആലാപനവും ബിജുറാമാണ് നിർവഹിക്കുന്നത്.
പതിനാറ് രാജ്യങ്ങളിൽ അറുപതോളം സ്ഥാപനങ്ങളുള്ള, ‘ഏരീസ് ഗ്രൂപ്പ് ‘ സി.ഇ.ഒയാണ് സോഹൻ റോയ്. ദൈനംദിന സംഭവങ്ങളിൽ നിലപാടുകൾ സ്വീകരിക്കാൻ സ്വന്തം വ്യവസായ താൽപര്യം നോക്കാതെ വിമർശനാത്മക കാവ്യമാക്കി പങ്കുവയ്ക്കുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ രചനകളും അവതരിപ്പിക്കാൻ കഴിയുന്ന ഓൺലൈൻ പ്‌ളാറ്റ് ഫോം തയ്യാറാക്കി വരുകയാണെന്ന് സൂം അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ രചനകൾക്ക് സ്വീകാര്യത ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഹർത്താൽ
പണിയെടുക്കാത്തവർ പണിയെടുക്കുന്നോർക്ക്
പണിയെടുക്കാതിരിക്കാൻ കൊടുക്കുന്ന
പണിയാണ് ഹർത്താൽ
ആധാർ
ആധാരം ഇല്ലാത്തവനെ
ആധാർ എടുപ്പിയ്ക്കാൻ
ആധി കൂട്ടുന്നതിൻ
ആധാരം എന്തെടോ