തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കെ. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രനും കൃഷ്ണ ദാസ് പക്ഷവും. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരു പക്ഷവും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
2015 നേക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിന്റെയും വിമര്‍ശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്തതോല്‍വിയാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എല്ലാക്കാര്യങ്ങളും സുരേന്ദ്രന്‍ ഒറ്റയ്ക്ക് തീരുമാനിക്കുകയാണെന്നും ഇരുപക്ഷവും ആരോപിച്ചു.
കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും കത്തില്‍ പറയുന്നു. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി തുടരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.സംസ്ഥാന തലത്തില്‍ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.











