കൊല്ലം: എസ്എന്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. വിശ്വാസവഞ്ചന അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. ഐപിസി 420, 403, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതി ക്രൈംബ്രാഞ്ച് ഡയറക്ടര്‍ നല്‍കി. കൊല്ലം സിജെഎം കോടതിയില്‍ ഇന്ന് കുറ്റപത്രം നല്‍കും.
ജൂബിലി ആഘോഷത്തിനായി പിരിച്ച ഒരു കോടി പതിനാറ് ലക്ഷം രൂപയില്‍ 55 ലക്ഷം വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ്. യൂണിയന്‍ മുന്‍ ജില്ലാ ഭാരവാഹി പി സുരേന്ദ്ര ബാബു ആണ് വെള്ളാപ്പള്ളിക്കെതിരെ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് 2004ല്‍ കൊല്ലം മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ആദ്യം കൊല്ലം ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. രണ്ട് തവണ തെളിവില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചു. പിന്നീട് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.