ആലപ്പുഴ: കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. കണിച്ചുക്കുളങ്ങരയിലെ വസതിയില്‍ ക്രൈംബ്രാഞ്ച് ഉച്ചയ്ക്കാരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു.
വകമാറ്റിയ 55 ലക്ഷം രൂപ തിരികെ ട്രസ്റ്റില്‍ അടച്ചെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും ചൊവ്വാഴ്ച്ചയ്ക്കകം ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടു.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ബുധനാഴ്ച്ച അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യല്‍ നടപടി. കേസ് ജൂലൈ 8-ന് പരിഗണിച്ച ഹൈക്കോടതി രണ്ടാഴ്ച്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.
1997-98 കാലഘട്ടത്തില്‍ എസ്എന്‍ കോളേജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചടുത്ത ഫണ്ട് വകമാറ്റിയെന്നാണ് കേസ്. പിരിച്ചെടുത്ത ഒരുകോടിയില്‍ അധികം രൂപയില്‍ 55 ലക്ഷം രൂപ ആഘോഷ കമ്മിറ്റിയുടെ കണ്‍വീനറായിരുന്ന വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്ന് എസ്എന്‍ ട്രസ്റ്റ് അംഗമായിരുന്ന എസ്.സുരേന്ദ്രബാബു പരാതിയില്‍ പറയുന്നു.












