ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം നിയന്ത്രിക്കുന്നതിനുളള സ്‌മോഗ് ടവര്‍ പദ്ധതിയില്‍ നിന്നും ബോംബെ ഐഐടി പിന്മാറുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സൈറ്റ് സന്ദര്‍ശനം നടത്തി ആറുമാസത്തിന് ശേഷം പദ്ധതിയില്‍ നിന്നും പിന്മാറുന്ന ഐഐടിയുടെ ഈ നടപടിയ്ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനുവരിയില്‍ പദ്ധതിയുടെ കരട് ധാരണാ പത്രം തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും സ്‌മോഗ് ടവര്‍ സ്ഥാപിക്കുന്നതിനായി സുപ്രീംകോടതി അനുമതി നല്‍കിയത്. മൂന്ന് മാസത്തിനുളളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അതേസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് ആറു മാസം വേണ്ടി വരുമെന്ന് കേന്ദ്രം സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
കോടതിയുടെ ഉത്തരവ് വൈകിപ്പിച്ചതിന് ഐഐടി ബോംബെയ്ക്കും മറ്റ് അധികാരികള്‍ക്കും തക്കതായ ശിക്ഷ നല്‍കുമെന്ന് സുപ്രീംകോടതി പറഞ്ഞു. ആറ് മാസത്തിന് ശേഷം സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും ഐഐടിയ്ക്ക് എങ്ങനെ പിന്മാറാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു. കൂടാതെ ഐഐടിയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഐഐടി ബോംബെ കൃത്യമായ ഉത്തരം നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു. അരമണിക്കൂറിനുളളില്‍ ബോംബെ ഐഐടി യോട് ഹാജരാകാന്‍ പറഞ്ഞ മിശ്ര സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം കേസ് നാളത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ഐഐടി ബോംബെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി ഐഐടിയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയിലെ ധാരണാ പത്രത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജൂലൈ 14 ന് ഐഐടി മെയില്‍ അയച്ചിരുന്നു. ഐഐടിയെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും വിളിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന് തലേദിവസമാണ് ഐഐടി മെയില്‍ അയക്കുന്നത്.