കൊച്ചി: സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. ശിവശങ്കര്‍ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇഡി പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ വിശദാംശങ്ങളടക്കം കോടതിക്ക് കൈമാറി. ഈ ഘട്ടത്തില്‍ തെളിവുകള്‍ പരസ്യമാക്കിയാല്‍ നശിപ്പിക്കപ്പെടുമെന്നും ഇ.ഡി പറഞ്ഞു.
അതേസമയം, തനിക്ക് പങ്കില്ലാത്ത കാര്യങ്ങളിലാണ് ആരോപണങ്ങളെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. താന്‍ എല്ലാവരുടെയും മുന്‍പില്‍ വെറുക്കപ്പെട്ടവനായി. ഹോട്ടലുകളില്‍ മുറിപോലും കിട്ടുന്നില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഔദ്യോഗിക, സ്വകാര്യ ജീവിതങ്ങളെ ബാധിച്ചെന്നും ശിവശങ്കര്‍ വാദിച്ചു.












