തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരുകേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിള്‍ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള തിരക്കഥ ആയിരുന്നു ആശുപത്രി വാസമെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും ഇഡി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, താന്‍ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായ പീഡനത്തിനിരയാക്കുകയാണെന്നും ശിവശങ്കറും കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിന് സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നിലപാട്.
സ്വര്‍ണക്കടത്ത് കേസില്‍ ഹംസത്ത് അബ്ദുല്‍ സലാം, സംജു എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് എന്‍ഐഎ കോടതി വിധി പറയും. യുഎപിഎ പ്രകാരം എന്‍ഐഎ ചുമത്തിയ കേസില്‍ തെളിവില്ലെന്ന് കണ്ട് 10 പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.