കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ശിവശങ്കറിന്റെ നിര്‍ണായക നീക്കം.
വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. 2016 മുതലുള്ള യാത്രാ രേഖകള്‍ ഹാജരാക്കാനും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതി സ്വപ്‌നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും വിദേശയാത്രകളും നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടത്.
കഴിഞ്ഞയാഴ്ച്ച രണ്ട് ദിവസം കസ്റ്റംസ് ശിവശങ്കറിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പാസ്പോര്‍ട്ടും യാത്രാ രേഖകളും ഹാജരാക്കിയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു.ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന അതേസമയം തന്നെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരേയും കാക്കനാട് വിയ്യൂര്‍ ജയിലുകളില്‍ വെച്ച് ചോദ്യം ചെയ്തു. കസ്റ്റംസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.











