മസ്കത്ത്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ബാഗുകളുടെ വിലക്കിന്റെ ആദ്യഘട്ടത്തില്‍ മാലിന്യം കളയുന്നതിന് ഉപയോഗിക്കുന്നവക്ക് ഇളവ് നല്‍കിയതായി ഒമാന്‍ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കാര്‍ഷിക മേഖലയില്‍ വിത്തുകള്‍ മുളപ്പിക്കാന്‍ ഉപയോഗിക്കുന്ന ബാഗുകള്‍, കമേഴ്‌സ്യല്‍ സെന്ററുകളില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായുള്ള ബാഗുകള്‍, കമേഴ്‌സ്യല്‍ സെന്ററുകളില്‍ മീനും ഇറച്ചിയും നല്‍കാന്‍ ഉപയോഗിക്കുന്ന ബാഗുകള്‍, ബ്രെഡ് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ബാഗുകള്‍ തുടങ്ങിയവക്കും ആദ്യ ഘട്ട വിലക്കില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ടെന്ന് ഒമാന്‍ പരിസ്ഥിതി അതോറിറ്റി വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.
ഈ ഇളവുകള്‍ തല്‍ക്കാലത്തേക്ക് മാത്രമാണ്. ഇളവ് നീക്കിയതായ അറിയിപ്പ് ലഭിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ് അല്ലെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള ബദല്‍ ബാഗുകള്‍ ഉപയോഗിക്കണം. കനം കുറഞ്ഞ ഒറ്റത്തവണ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഒപ്പം ദ്രവിക്കുമ്പോള്‍ പരിസ്ഥിതിക്ക് ദോഷം വരുന്ന രാസവസ്തുക്കള്‍ ഉണ്ടാകുന്ന എല്ലാത്തരം ബാഗുകള്‍ക്കും വിലക്ക് ബാധകമാണെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പേപ്പര്‍-കാര്‍ട്ടണ്‍ ബാഗുകള്‍, കാന്‍വാസ് ബാഗ്, കോട്ടണ്‍ ബാഗ്, നോണ്‍ വൂവണ്‍ ബാഗുകള്‍ എന്നിവ ബദലായി ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം വിപണിയില്‍ സുലഭമായി ലഭ്യമാണെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.














