തന്റെ ദുഃഖങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഗായിക കെ.എസ് ചിത്ര. നമ്മള്‍ ദുഃഖിച്ചിരുന്നാല്‍ കൂടെയുള്ളവര്‍ക്കും അതുണ്ടാകുമെന്നും അതുകൊണ്ട് പോസിറ്റീവായി ഇരിക്കണമെന്ന് ചിത്ര പറഞ്ഞു. കാപട്യം നിറഞ്ഞ ലോകത്ത് കുട്ടികള്‍ മാത്രമാണ് നൂറ് ശതമാനം നിഷ്‌കളങ്കരായവരെന്നും അവര്‍ക്കൊപ്പമുള്ള സമയമാണ് തനിക്ക് ഏറെ സന്തോഷം ലഭിക്കുന്നതെന്നും ഗായിക പറഞ്ഞു. ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കെ.എസ് ചിത്രയുടെ വാക്കുകള്‍
കുറേ വര്‍ഷങ്ങളായി ഓണം പോലുള്ളതൊക്കെ ആഘോഷിച്ചിട്ട്. എന്റെ മകള്‍ ഉള്ളപ്പോള്‍ പൂക്കളം ഇടുകയും സദ്യ ഒരുക്കുകയും എല്ലാം ചെയ്തു. ഓരോ ഫെസ്റ്റിവലും എന്താണെന്ന് അവള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് ആഘോഷിക്കുന്നത്. പിന്നീട് ഞാന്‍ ഒരു ആഘോഷവും ചെയ്യാറില്ല. എല്ലാ ദിവസത്തേതും പോലെ പ്രത്യേക ഒരുക്കളൊന്നും ഇല്ലാതെയാണ് ഇപ്പോഴത്തെ ആഘോഷ ദിനങ്ങള്‍.
പ്രതിസന്ധികള്‍ മറികടക്കാന്‍ ഒരുപാട് പേര്‍ ഉപദേശിച്ചു, കൗണ്‍സിലിംഗ് ചെയ്തു…നമ്മള്‍ വിഷമിച്ചിരുന്നാല്‍ നമുക്ക് ചുറ്റുമുള്ളവര്‍ക്കും ഒരു സന്തോഷവും ഉണ്ടാകില്ലെന്ന് ഞാന്‍ മനസ്സിലാക്കി. നമ്മള്‍ പോസിറ്റീവായാല്‍ നമുക്കൊപ്പം നില്‍ക്കുന്നവര്‍ക്കും അത് ഉണ്ടാകും. നമ്മുടെ ജീവിതം എത്രനാള്‍ ഉണ്ടാകുമെന്ന് അറിയില്ല. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് ആര്‍ക്കെങ്കിലും കുറച്ച് സന്തോഷം കൊടുക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്. നമ്മുടെ ദുഃഖം നമുക്കൊപ്പമുണ്ടാകും. അതിപ്പോള്‍ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. വിഷമം ഉള്ളയാള്‍ ചിരിച്ചുനടന്നു എന്ന് കരുതി, അയാള്‍ക്ക് ദുഃഖമില്ലെന്നാണോ അര്‍ത്ഥം? നമ്മുടെ ദുഃഖം നമ്മുടെ സ്വകാര്യതയാണ്. അത് മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം കിട്ടുന്ന സ്ഥലങ്ങളില്‍ പോകാനാണ് ഇഷ്ടം. സങ്കടം തരുന്ന സ്ഥലങ്ങളില്‍ നില്‍ക്കാന്‍ അധികനേരം എനിക്ക് നില്‍ക്കാന്‍ തോന്നാറില്ല. നമുക്ക് എത്രയും നേരം അവിടെ നിന്നും പോകാനാണ് തോന്നുന്നത്. എന്റെ സങ്കടങ്ങള്‍ എന്നെ വേട്ടയാടികൊണ്ടിരിക്കും. പക്ഷേ പുറമെ പോകുമ്പോള്‍ ഞാന്‍ അത് കാണിക്കാറില്ല.
കുട്ടികള്‍ക്കൊപ്പമുള്ള സമയമാണ് എനിക്ക് ഏറെ സന്തോഷം തരുന്നത്. ഒരുപാട് കാപട്യമുള്ള ലോകമാണിത്. നമ്മളോട് സ്‌നേഹം കാണിച്ച് സംസാരിക്കുന്നവരില്‍ എത്രപേര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെന്ന് അറിയില്ല. ഇവിടെ ചിരിച്ച് കളിച്ച് സംസാരിച്ച് അപ്പുറത്ത് നിന്ന് കുറ്റംപറയുന്ന ആളുകളുമായി ഇടപഴകാന്‍ എനിക്കിഷ്ടമല്ല. പക്ഷേ കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. അവര് നൂറ് ശതമാനം നിഷ്‌കളങ്കരാണ്. അവരില്‍ നിന്ന് നമുക്ക് പോസിറ്റീവ് എനര്‍ജി മാത്രമേ കിട്ടികയുള്ളൂ.
സ്‌പെഷല്‍ കുട്ടികള്‍ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്. അവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുത്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട സുകേഷുമായി ഇപ്പോഴും ബന്ധമുണ്ട്. ഫോണില്‍ പാട്ടുകള്‍ പാടി അയച്ചുതരാറുണ്ട്. ചില സ്റ്റേജ് പരിപാടികളില്‍ പാടിച്ചിട്ടുണ്ട്.


















