ന്യൂഡല്‍ഹി: ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭാര്യ റൈഹാന സിദ്ദീഖിനെ കക്ഷിയാക്കാമെന്ന കപില്‍ സിബലിന്റെ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു. ഇതിനായി ഒരാഴ്ച സമയം സുപ്രീം കോടതി സിബലിന് നല്‍കി. യു.പി സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍പ്പ് തള്ളിയാണ് ഈ നടപടി.
ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഒരു സംഘടനക്ക് പ്രതിക്കായി വാദം നടത്താനാവില്ലെന്ന സാങ്കേതിക തടസം ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ ഉന്നയിച്ചതിനെ തുടര്‍ന്നാണ് എങ്കില്‍ കാപ്പന്റെ ഭാര്യയെ കക്ഷി ചേര്‍ക്കാന്‍ തയാറാണെന്ന് കപില്‍ സിബല്‍ അറിയിച്ചത്. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് അതിന് സമയം നല്‍കി കേസ് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.
കേസ് ഏത് വിധേനയും അലഹാബാദ് ഹൈകോടതിയിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ച് ശ്രമിച്ചപ്പോള്‍ അര്‍ണാബ് ഗോസ്വാമി കേസിലെ വിധി ഉദ്ധരിച്ച് സിബല്‍ പ്രതിരോധിച്ചു. മേത്ത എതിര്‍ സത്യവാംഗ്മൂലം വായിച്ചു, നോക്കിയില്ലെന്ന് കുറ്റപ്പെടുത്തിയ സിബല്‍ യുപി സര്‍ക്കാര്‍ സിദ്ദീഖ് കാപ്പനെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കള്ളങ്ങള്‍ ബെഞ്ചിന് മുമ്പാകെ നിരത്തി.
ഇതിനിടയില്‍ സിബലിനെ വാദിക്കാന്‍ അനുവദിക്കാതെ ഇടപെട്ടതിന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ കോടതി വിമര്‍ശിച്ചു.

















