അജ്മാന്‍: ഗള്‍ഫ് വിപണിയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില അടുത്തദിവസങ്ങളില്‍ അഞ്ചുമുതല്‍ ഏഴ് ശതമാനം വരെ ഉയരുമെന്ന് മുന്നറിയിപ്പ്. കണ്ടെയ്‌നര്‍ ക്ഷാമം മൂലം അവശ്യ ഭക്ഷ്യ വിഭവങ്ങളുടെ വില 5% മുതല്‍ 7% വരെ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് യുഎഇയിലെ ഹോള്‍ സെയില്‍ ഭക്ഷ്യ വിതരണ മേഖലയിലെ പ്രമുഖരായ അറബ് ഇന്ത്യാ സ്‌പൈസസിന്റെ മാനേജിങ് ഡയറക്ടര്‍ ഹരീഷ് തഹിലിയാനി അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്ത് കയറ്റിറക്കുമതി രംഗത്ത് അനുഭവപ്പെടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ഒഴിഞ്ഞ കണ്ടയ്നറുകളുടെ ക്ഷാമം. കണ്ടെയ്നറുകള്‍ ലഭ്യമല്ലാത്തതിനാല്‍ ചരക്ക് പലയിടത്തും കപ്പലില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഇത് വിപണിയില്‍ വില വര്‍ധനവിനു കാരണമാവുകയാണ്. മാര്‍ച്ച് വരെ ഈ പ്രതിഭാസം തുടരാന്‍ സാധ്യതയുണ്ടെന്ന് ഹരിഷ് പറഞ്ഞു.
ഇന്ത്യയിലെ കര്‍ഷക സമരം ഗള്‍ഫിലെ ഭക്ഷ്യവിപണിയെ കാര്യമായി ബാധിക്കില്ല. ഇന്ത്യയില്‍ നിന്ന് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് നേരത്തേ നിയന്ത്രണങ്ങളുണ്ട്. ഗള്‍ഫിലെ ഏറ്റവും വലിയ ഭക്ഷ്യപയറുല്‍പ്പന്ന കയറ്റുമതി സ്ഥാപനമായ അറബ് ഇന്ത്യ സ്പൈസസ് ചില്ലറ വിപണിയില്‍ കൂടുതല്‍ സജീവമാകുമെന്ന് ഹരിഷ് തഹ് ലിയാനി പറഞ്ഞു. നൂണ്‍ ഡെയ്ലി ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ക്ക് പാക്കേജിങ് ഒരുക്കി നല്‍കുന്നതിന് പുറമെ, സ്വന്തം ബ്രാന്‍ഡുകള്‍ വിപണിയില്‍ സജീവമാക്കും. ആര്‍ കെ പള്‍സസ് എന്ന പേരില്‍ ഒന്നുമുതല്‍ മൂന്ന് ദിര്‍ഹം വരെ ചെലവില്‍ ലഭ്യമാക്കുന്ന പോക്കറ്റ് സൈസ് പായ്ക്കറ്റുകള്‍ ഇത്തരം പരീക്ഷണങ്ങളിലൊന്നാണെന്നും ഹരീഷ് തഹ് ലിയാനി പറഞ്ഞു. സൂര്യ എന്ന പേരില്‍ പുറത്തിറക്കിയ ദോശ ബാറ്റര്‍ വിജയകരമാണ്. യുഎഇയുടെ ഭക്ഷ്യസുരക്ഷ ശക്തമാണ്. 180 ദിവസം വരെ മുഴുവന്‍ യുഎഇയിലേക്കും ആവശ്യമായ ഭക്ഷ്യശേഖരം തങ്ങളുടെ സ്ഥാപനത്തില്‍ മാത്രം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.