തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിസ്‌കിന് തകരാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോദ്യം ചെയ്യലിനായി കസ്റ്റംസ് കൊണ്ടുപോകവെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആന്‍ജിയോഗ്രാം പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കടുത്ത നടുവേദന ഉണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചതിനാലാണ് വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രി മാറ്റിയത്. ആദ്യം ശ്രീചിത്രയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിലാണ് അതില്‍ മാറ്റം വന്നത്.











