യു.എ.ഇ: ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറില്‍ പങ്കെടുത്ത 1024 പ്രസാധക സ്ഥാപനങ്ങളെയും സ്റ്റാന്‍ഡ് വാടക ഫീസില്‍നിന്ന് ഒഴിവാക്കി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടേതാണ് തീരുമാനം. മലയാളി പ്രസാധകര്‍ അടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസവും സാമ്പത്തിക ലാഭവുമുണ്ടാകുന്നതാണ് പ്രഖ്യാപനം. 60 ലക്ഷം ദിര്‍ഹമിന്റെ ആനുകൂല്യമാണ് പ്രസാധകര്‍ക്ക് ഇതുവഴി ലഭിക്കുന്നത്.
“ലോക പുസ്തകോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിക്കപ്പെടുന്നത്.സാംസ്‌കാരിക വൈവിധ്യങ്ങളെയും പ്രസാധകരെയും രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ഷാര്‍ജയുടെ മനസ്സാണ് ഈ പ്രഖ്യാപനത്തിലൂടെ വെളിച്ചംവീശുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു.
ഊര്‍ജസ്വലമായ സംസ്‌കാരത്തിന്റെ അടിസ്ഥാനം പുസ്തകങ്ങളാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അതിന്റെ വീടാണ്. എസ്.ഐ.ബി.എഫ് 2020ലെ ഓരോ പ്രസാധകന്റെയും പങ്കാളിത്തത്തെ പൂര്‍ണമായി പിന്തുണക്കുന്നതിലൂടെ, പ്രസാധകരെ പങ്കാളിത്ത ഫീസില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുന്ന ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പുസ്തകമേളയായി ഞങ്ങള്‍ മാറുന്നുവെന്ന്’ അംറി പറഞ്ഞു.


















