റിയാദ് : കോവിഡിന്റെ വകഭേദം ബ്രിട്ടനില്‍ സ്ഥിരീകരിച്ച് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ച സാഹചര്യത്തില്‍ സൗദിയിലേക്കും കുവൈറ്റിലേക്കുമുള്ള വഴിമധ്യേ ദുബായില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ആയിരക്കണക്കിന്ന് പ്രവാസികള്‍ക്ക് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ കാരുണ്യം. വിസ കാലാവധി കഴിഞ്ഞവര്‍ക്കും അവസാനിക്കാറായവര്‍ക്കുമടക്കം യാത്രക്കിടെ ദുബായില്‍ അകപ്പെട്ട എല്ലാവര്‍ക്കും ഒരു മാസത്തേക്ക് അവരുടെ ടൂറിസ്റ്റ് വിസ സൗജന്യമായി പുതുക്കി നല്‍കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സൗദിയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയ സാഹചര്യത്തില്‍ വിസ കാലാവധി തീര്‍ന്നു നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്ക് പുതിയ തീരുമാനം ആശ്വാസമായി. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ടിക്കറ്റിന് വേണ്ടി ശ്രമിക്കുന്നതിനിടെയാണ് പുതിയ ഉത്തരവ്. ഇക്കാലയളവില്‍ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് സുരക്ഷയും അധികൃതരുടെ സഹകരണവും ഉറപ്പ് വരുത്താനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
സൗദി ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് സൗദിയിലേക്കുള്ള യാത്രക്കാര്‍ ദുബായ് വഴി യാത്രക്കൊരുങ്ങിയത്. ഇന്ത്യയെ കോവിഡ് വ്യാപന സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയതിനാല്‍ ഇവിടെ നിന്ന് വരുന്നവര്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിന് ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.