കേരള വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായി എക്സ്പോ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.
ദുബായ് : യുഎഇയിലെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്സ്പോ 2020 വേദിയിലെത്തി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും എക്സ്പോ വേദിയില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും, ഉപ ഭരണാധികാരി ഷെയ്ഖ് മക്തും ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നേരത്തെ, മുഖ്യമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്ത് ഷെയ്ഖ് മുഹമദ് ട്വിറ്ററില്‍ മലയാളത്തില്‍ കുറിച്ചത് ശ്രദ്ധേയമായി.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. pic.twitter.com/wIeJA5DpEy
— HH Sheikh Mohammed (@HHShkMohd) February 2, 2022
കേരളവുമായി യുഎഇക്ക് അടുത്ത ആത്മബന്ധമുണ്ടെന്നും രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ മലയാളികള്‍ വഹിക്കുന്ന പങ്കിനെ പ്രകീര്‍ത്തിച്ചാണ് ട്വീറ്റ്.
ഇരുവരും എക്സ്പോ വേദിയില്‍ കൂടികാഴ്ച നടത്തുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഇതിന് അറബിയില്‍ നന്ദി അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് മറുപടിയും താമസിയാതെ എത്തി.
വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ഡോ അമന് പുരി, നോര്‍ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം എക്സ്പോ വേദി സന്ദര്‍ശിക്കാന്‍ ഉണ്ടായിരുന്നു.