പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത് കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ലബനാൻ തലസ്ഥാനത്ത് താമസ സ്ഥലവും ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴിലാളികൾക്കാണ് സഹായം എത്തിക്കുക.
ഷാർജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്‌സനും യു.എൻ.എച്ച്.സി.ആറിലെ അഭയാർഥി കുട്ടികൾക്കായുള്ള പ്രമുഖ അഭിഭാഷകയുമായ ശൈഖ ജൗഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി ആരംഭിച്ച സലാം ബൈറൂത്, ഷാർജ ആസ്ഥാനമായുള്ള ആഗോള മാനുഷിക സംഘടന ടി.ബി.എച്ച്.എഫുമായി സഹകരിച്ചാണ് പ്രവർത്തനം. ലബനാനിലെ ദുരിതാശ്വാസ ഓപറേറ്റർമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .
കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും സ്ത്രീകളെ, അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടക്കി അയക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമത്തിനുമാണ് ഈ തുക ചെലവഴിക്കുക.