യു.എ.ഇ:ഷാര്‍ജയിലെ മലമ്പ്രദേശങ്ങളില്‍ വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്കു തുടക്കം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഹിസ് ഹൈനസ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആദ്യ വൃക്ഷതൈ നട്ടു.വംശനാശഭീഷണി നേരിടുന്നതും മരുഭൂമിയിലെ കാലാവസ്ഥയ്ക്കു യോജിച്ചതുമായ മരങ്ങളാണ് ഖോര്‍ഫക്കാനിലെ വിവിധ മേഖലകളില്‍ നട്ടുപിടിപ്പിക്കുന്നത്.
മരുഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സുരക്ഷിത ആവാസ വ്യവസ്ഥയൊരുക്കാന്‍ മരങ്ങള്‍ സഹായിക്കുമെന്ന് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ പറഞ്ഞു. അത്തി, ഗാഫ്, ഹംഗാ, ഹാല, മര്‍ഷ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന അറേബ്യന്‍ ‘കുറ്റിപ്പന’യുള്‍പ്പെടെ വളര്‍ത്താനുള്ള പദ്ധതി വിജയകരമായി മുന്നേറുകയാണെന്നും അദ്ദേഹം അറിയിച്ചു.
‘ഡ്വാര്‍ഫ് പാം’ എന്നറിയപ്പെടുന്ന ഈ കുഞ്ഞന്‍ പനയ്ക്ക് മുറിവുണക്കാനുള്ള ശേഷിയുണ്ട്. ഡ്വാര്‍ഫ് പനകള്‍ മലനിരകളിലും വാദീ തടങ്ങളിലുമാണ് വളരുക.കരകൗശല വസ്തുക്കള്‍, കയര്‍, വല തുടങ്ങിയവയുടെ നിര്‍മാണത്തിനാണ് ഇവ വ്യാപകമായി ഉപയോഗിക്കുക.
















