ഷാര്‍ജ: ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീവാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച്ച ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം.
ഡെപ്യൂട്ടി ഭരണാധികാരിയുടെ കുടുംബത്തോടും ബന്ധുക്കളോടും ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അനുശോചനമറിയിച്ചു. ശൈഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
മൃതദേഹം ലണ്ടനില്‍നിന്ന് ഷാര്‍ജയില്‍ എത്തുന്നതോടെയാവും ദുഃഖാചരണം. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഫോണിലൂടെ മാത്രമേ അനുശോചനം സ്വീകരിക്കുകയുള്ളൂവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.












