അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം. തീപിടിത്തത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യാര്‍ഡ് പൂര്‍ണമായും കത്തിനശിച്ചുവെന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു.
തീ അണക്കല്‍ വേഗത്തിലാക്കാന്‍ അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം പൊലീസ് അടച്ചു. അടിയന്തര വാഹനങ്ങള്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചുള്ളൂ. പുകപടലങ്ങള്‍ വളരെ ദൂരേക്കുവരെ ദൃശ്യമായിരുന്നു. സുരക്ഷ കണക്കിലെടുത്ത് സമീപത്തെ തൊഴിലാളികളെ പൊലീസ് ഒഴിപ്പിച്ചു. അപകടകാരണം സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് വിഭാഗം പരിശോധന ആരംഭിച്ചു.
ഷാര്‍ജയില്‍ യാര്‍ഡിന് തീപിടിച്ചപ്പോള്‍ ലേബര്‍ ക്യാമ്പില്‍ ഭക്ഷണ വിതരണം
വിസിറ്റ് വിസയില്‍ വന്ന് ജോലിയും ഭക്ഷണവും ഇല്ലാതെ അജ്മാന്‍ ജര്‍ഫ് രണ്ടിലെ ലേബര്‍ ക്യാമ്പില്‍ കുടുങ്ങിയ നൂറോളം തെലങ്കാന സ്വദേശികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. മഹാമാരിയില്‍പെട്ട് പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ആരംഭിച്ച അജ്മാന്‍ വാട്സ്‌ആപ് കൂട്ടായ്മയാണ് ഭക്ഷണ വിതരണം നടത്തിയത്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും പലചരക്ക് കിറ്റുകള്‍, ഭക്ഷണ കിറ്റുകള്‍, മാധ്യമ സഹായം, കൗണ്‍സലിങ്, നിയമ സഹായങ്ങള്‍ തുടങ്ങിയവ ഈ കൂട്ടായ്മ സമൂഹത്തിലെ അര്‍ഹരായ ആളുകള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇ.വൈ. സുധീര്‍, ജോസഫ് തോമസ്, വൈ. എ. റഹീം, അജിത് കുമാര്‍, അനീഷ്, ഷാന്‍റി തോമസ്, ഹനീഫ് കണ്ണൂര്‍, ശശി നെസ്റ്റോ തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.












