മുംബൈ: ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഓഹരി വിപണി. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണി റെക്കോഡ് സൃഷ്‌ടിക്കുന്നതാണ് കണ്ടത്. ഇന്നലെ പുതിയ റെക്കോഡ് നിലവാരത്തിലേക്ക് എത്തിയ നിഫ്‌റ്റിയും സെന്‍സെക്‌സും ഇന്ന് എക്കാലത്തെയും ഉയര്‍ന്ന പുതിയ നിലവാരം രേഖപ്പെടുത്തി.
നിഫ്‌റ്റി 12,643 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43277.65 പോയിന്റിലും നിഫ്‌റ്റി 12,631 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 680 പോയിന്റും നിഫ്‌റ്റി 170 പോയിന്റും ഉയര്‍ന്നു.
ഇന്നലെ യുഎസ് വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കണ്ടത്. കോവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന പിഫിസറിന്റെ വെളിപ്പെടുത്തലാണ് ഓഹരി വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടിയത്. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ രാവിലെ വിപണിയില്‍ ചെറിയ ചാഞ്ചാട്ടത്തിന് വഴിവെച്ചിരുന്നു. പിന്നീട് ഭരണസഖ്യമായ എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന സൂചന വന്നതോടെ വിപണി വീണ്ടും മുന്നേറ്റം തുടര്‍ന്നു.
തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് വിപണി മുന്നേറുന്നത്. ഈ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ബാങ്കിംഗ് ഓഹരികളാണ്. നിഫ്‌റ്റി ബാങ്ക് സൂചിക 3.89 ശതമാനം ഉയര്‍ന്നു. അതേ സമയം ഐടി, ഫാര്‍മ ഓഹരികള്‍ ഇടിവ് നേരിട്ടു. നിഫ്‌റ്റി ഐടി സൂചിക 3.86 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 4.33 ശതമാനവും ഇടിഞ്ഞു.
ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എല്‍&ടി, ബജാജ് ഫിന്‍സെര്‍വ്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 32 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 18 ഓഹരികളാണ് നഷ്‌ടത്തിലായത്. നഷ്‌ടത്തിലായ ഓഹരികളില്‍ ഇടിവ് ശക്തമായിരുന്നു. ടെക് മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്, ദിവിസ് ലാബ്, നെസ്‌ളെ ഇന്ത്യ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ടെക് മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നഷ്‌ടം നേരിട്ടു.