കെ.അരവിന്ദ്
ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായ ഒരു ആഴ്ചയാണ് കടന്നു പോയത്. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ആയിരുന്നു പോയ വാരത്തിലെ പ്രധാന സംഭവം. അതിനോട് അനുബന്ധിച്ചുള്ള ചാഞ്ചാട്ടം ദൃശ്യമായെങ്കിലും ആത്യന്തികമായി മുന്നേറ്റ പ്രവണതയാണ് വിപണിയിൽ ഉണ്ടായത്. അതിനാൽ കഴിഞ്ഞ വാരത്തേക്കാൾ നേട്ടത്തോടെയാണ് പോയ വാരം വിപണി ക്ലോസ് ചെയ്തത്.
അടുത്ത പ്രസിഡൻ്റാകാൻ ജോ ബൈഡനാണ് സാധ്യതയെങ്കിലും ഇതുവരെ പൂർണഫലം പുറത്തുവന്നിട്ടില്ല. അതു സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും അടുത്ത പ്രസിഡൻ്റിൻ്റെ നയങ്ങളിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. പുതിയ ഭരണാധികാരി ഉത്തേജക പാക്കേജൂ കൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യു എസ് സെൻട്രൽ ബാങ്ക് ആയ ഫെഡ് റിസർവിൻ്റെ യോഗവും നടക്കാനിരിക്കുകയാണ്. ഇതെല്ലം പരിഗണിക്കുമ്പോൾ വിപണി മുന്നോട്ടേക്ക് തന്നെ നീങ്ങാനാണ് സാധ്യത. ബാങ്കുകളുടെ മൊറട്ടോറിയം സംബന്ധിച്ച ഹർജിയിന്മേലുള്ള അടുത്ത വാദം കേൾക്കുന്നത് സുപ്രിം കോടതി നവംബർ 18ലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് ബാങ്കിംഗ് ഓഹരികൾ മുന്നേറുന്നതിനും വഴിവെച്ചിട്ടുണ്ട്. ഉത്സവ സീസണും മഹാമാരിക്കുള്ള വാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിൽ ആണെന്നതും വിപണിക്ക് അനുകൂല ഘടകങ്ങളാണ്.
നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ബാങ്കിംഗ്, ഐടി ഓഹരികൾ ആയിരിക്കും ഈ മുന്നേറ്റം നയിക്കുന്നത് .
ജോ ബൈഡന്‍ ഐടി കമ്പനികള്‍ക്കുള്ള നിലവിലുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഐടി ഓഹരികളില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിങ് ഓഹരികൾ ടെക്നിക്കൽ ആയി ബ്രേക്ക് ഔട്ട് ചെയ്തു നിൽക്കുകയാണ്. നിഫ്റ്റിക്ക് 11, 800 പോയിൻറിലാണ് താങ്ങുള്ളത്.