മുംബൈ: നിഫ്‌റ്റി ആദ്യമായി 15,400 പോയിന്റിന് മുകളിലേക്ക് ഉയരുന്നതിനു ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. അതേ സമയം ലാഭമെടുപ്പിനെ തുടര്‍ന്ന് കടുത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്.
രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ നിഫ്‌റ്റി വ്യാപാരത്തിനിടെ ആദ്യമായി 15,400ന് മുകളിലേക്ക് ഉയര്‍ന്നു. 15,431 വരെ ഉയര്‍ന്ന നിഫ്‌റ്റി അതിനു ശേഷം ചാഞ്ചാട്ടം നേരിടുകയാണ് ചെയ്‌തത്. ഉയര്‍ന്ന നിലവാരത്തില്‍ നിന്നും വ്യാപാരത്തിനിടെ നിഫ്‌റ്റി 190 പോയിന്റ് വരെ ഇടിഞ്ഞു. അതേ സമയം 15,260ല്‍ ശക്തമായ താങ്ങ് കണ്ടെത്തിയ നിഫ്‌റ്റിക്ക് 11,300ന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചു. ഇന്നലത്തേക്കാള്‍ ഗണ്യമായ വ്യത്യാസമില്ലാതെയാണ് നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 50 പോയിന്റ് ഇടിഞ്ഞു.
സ്വകാര്യ ബാങ്ക് ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന് വിധേയമായി. ബാങ്ക് നിഫ്‌റ്റി 200 പോയിന്റ് ഇടിവ് നേരിട്ടു. അതേ സമയം മെറ്റല്‍ ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം പ്രകടമായി. നിഫ്‌റ്റി മെറ്റല്‍ സൂചിക 2.89 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. പൊതുമേഖലാ ബാങ്ക് സൂചിക 1.65 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി ഐടി സൂചിക ഒന്നര ശതമാനം ഇടിവ് നേരിട്ടു. നിഫ്‌റ്റി മിഡ്‌കാപ്, സ്‌മോള്‍കാപ് സൂചികകള്‍ നേട്ടം രേഖപ്പെടുത്തി.



















