മുംബൈ: ഇന്നലെ നിര്‍ത്തിയിടത്തു നിന്നാണ് ഇന്ന് വിപണി തുടങ്ങിയത്. നിഫ്‌റ്റി ആദ്യമായി 13,900 പോയിന്റിന് മുകളിലേക്ക് നീങ്ങുന്നതിന് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി നേട്ടം രേഖപ്പെടുത്തി.
ഇന്നലെ ആദ്യമായി 13,800 പോയിന്റ് മറികടന്ന നിഫ്‌റ്റി ഇന്ന് 13,900 മറികടന്നു. 13,967 എന്ന പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തുകയും ചെയ്‌തു. അതേ സമയം ഉയര്‍ന്ന നിലവാരത്തില്‍ ചില ഓഹരികളില്‍ ലാഭമെടുപ്പ് ദൃശ്യമായി. 59 പോയിന്റ് ഉയര്‍ന്ന് 13,932ലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 259 പോയിന്റ് ഉയര്‍ന്ന് 47,613ല്‍ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഓഹരി വിപണി ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയതിന് ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും മുന്നേറിയത്. കൊറോണ ഉത്തേജക പദ്ധതിക്കായി യുഎസ് കോണ്‍ഗ്രസ് ബില്‍ പാസാക്കിയത് യുഎസ് വിപണിക്ക് ഉണര്‍വ് പകര്‍ന്നു. യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മേധാവിത്തമുള്ളത്. നേരിട്ടുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കുന്നതിനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. നിലവില്‍ 600 ഡോളര്‍ നല്‍കുന്ന സാമ്പത്തിക സഹായം 2000 ഡോളറായി ഉയര്‍ത്താനാണ് നീക്കം.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ നിഫ്‌റ്റി ഓഹരികള്‍. കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍ ഹിന്‍ഡാല്‍കോയും നെസ്‌ളേയുമാണ്.
ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്,ഐടി ഓഹരികളാണ് ഇന്ന് കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്. നിഫ്‌റ്റി ബാങ്ക് ഇന്‍ഡക്‌സ് 1.83 ശതമാനവും ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഡക്‌സ് 1.03 ശതമാനവും ഉയര്‍ന്നു.



















