മുംബൈ: ഓഹരി വിപണി ഇന്ന് വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. നിഫ്‌റ്റിയും സെന്‍സെക്‌സും തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് മുന്നേറ്റം രേഖപ്പെടുത്തുന്നത്.
13,366 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 97 പോയിന്റ് നേട്ടത്തോടെ 13,355ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി ആദ്യമായി 13,300ന് മുകളില്‍ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 347 പോയിന്റ് നേട്ടത്തോടെ 45,426ല്‍ ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്ക് ഓഹരികളാണ് വിപണിയിലെ കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്. നിഫ്‌റ്റി പിഎസ്‌യു ബാങ്ക് സൂചിക ഇന്ന് 2 ശതമാനത്തിലേറെ ഉയര്‍ന്നു. ഫാര്‍മ ഓഹരികളും നേട്ടം ഉണ്ടാക്കി. നിഫ്‌റ്റി ഫാര്‍മ സൂചിക 1.64 ശതമാനം നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 31 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 19 ഓഹരികളാണ് നഷ്‌ടത്തിലായത്. യുപിഎല്‍, അദാനി പോര്‍ട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ഒഎന്‍ജിസിയുടെ സബ്‌സിഡറി കമ്പനിയായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് കൊളംബിയയില്‍ എണ്ണ നിക്ഷേപം കണ്ടെത്തി. ഒഎന്‍ജിസി വിദേശ് കണ്ടെത്തുന്ന നാലാമത്തെ എണ്ണ നിക്ഷേപമാണിത്. ഈ വാര്‍ത്തയെ തുടര്‍ന്നാണ് ഒഎന്‍ജിസിയുടെ ഓഹരി വില 3 ശതമാനത്തിലേറെ ഉയര്‍ന്നത്.
ധനലഭ്യതയാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിന് പിന്നില്‍. മറ്റ് പ്രതികൂല വാര്‍ത്തകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ മുന്നേറ്റ പ്രവണത തുടരും.