മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 11,200 പോയിന്റിന് താഴേക്ക് ഇടിഞ്ഞു. ഏറ്റവും താഴ്‌ന്ന നിലയില്‍ നിന്നും നൂറ് പോയിന്റോളം നിഫ്‌റ്റി തിരികെ കയറിയെങ്കിലും വിപണിയിലെ ദുര്‍ബലാവസ്ഥ തുടരുകയാണ്.
സെന്‍സെക്‌സ് 171 പോയിന്റ് ഇടിഞ്ഞ് 38,194 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 39 പോയിന്റ് ഇടിഞ്ഞ് 11,278 പോയിന്റില്‍ ക്ലോസ് ചെയ്‌തു. 11,185 പോയിന്റ് വരെ നിഫ്‌റ്റി വ്യാപാരത്തിനിടെ ഇടിഞ്ഞിരുന്നു.
ഇന്നലെ യുഎസ് ഓഹരി വിപണിയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി നഷ്‌ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും സൂചികകള്‍ ലാഭത്തിലെത്തിയില്ല.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 25 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 24 ഓഹരികള്‍ ഇടിവ് നേരിട്ടു. ഒരു ഓഹരിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റാ സ്റ്റീല്‍, സീ ലിമിറ്റഡ്, സിപ്ല, റിലയന്‍സ് ഇന്റസ്‌ട്രീസ്, ഗ്രാസിം ഇന്റസ്‌ട്രീസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ടാറ്റാ സ്റ്റീല്‍ 3.57 ശതമാനം ഉയര്‍ന്നു. ഫാര്‍മ, മെറ്റല്‍ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മറ്റ് മേഖലകളില്‍ ഇടിവ് ദൃശ്യമായിരുന്നു. ബാങ്ക് ഓഹരികളില്‍ ശക്തമായ ഇടിവ് ദൃശ്യമായി.
എസ്‌ബിഐ, ഗെയില്‍, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, ഐഒസി എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍. എസ്‌ബിഐ 4.90 ശതമാനം ഇടിഞ്ഞു. ഗെയില്‍, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, ഐഒസി എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നഷ്‌ടം നേരിട്ടു.
നിഫ്‌റ്റി ബാങ്ക് സൂചിക 2.1 ശതമാനം നഷ്‌ടമാണ് രേഖപ്പെടുത്തിയത്. മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രിം കോടതിക്ക് മുന്നിലുള്ള ഹര്‍ജിയാണ് വിപണി പ്രധാനമായും ഉറ്റുനോക്കുന്നത്. ഈ കേസിലുള്ള വിധി പ്രതികൂലമാകുമോ എന്ന ആശങ്കയാണ് ബാങ്ക് ഓഹരികളെ ഇടിവിലേക്ക് നയിച്ചത്.
നിഫ്‌റ്റി ഫാര്‍മ സൂചിക 1.9 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ബയോകോണ്‍, സിപ്ല, അര്‍ബിന്ദോ ഫാര്‍മ, ലുപിന്‍, ടോറന്റ് ഫാര്‍മ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.



















