ഡല്‍ഹി: രണ്ടാഴ്ചയ്ക്കുളളില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്ക് എത്തും. എന്‍സിപി സംസ്ഥാന ഘടകത്തിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. പ്രഫുല്‍ പട്ടേലും അദ്ദേഹത്തിനൊപ്പം എത്തുമെന്നാണ് സൂചന. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളുമായി ഒറ്റയ്‌ക്കൊറ്റക്ക് ചര്‍ച്ച നടത്തും. തുടര്‍ന്ന് അഭിപ്രായ ഐക്യമുണ്ടാക്കിയതിന് ശേഷം മുംബൈയിലെത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുക. സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററാണ് പവാറിന്റെ തീരുമാനം അറിയിച്ചത്.
എന്‍സിപിയുടെ സീറ്റുകള്‍ വിട്ടു തരില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞാല്‍ മുന്നണിമാറ്റം തീരുമാനിക്കുമെന്ന് എന്‍സിപി. സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് വിട്ടു വീഴ്ച വേണ്ടെന്നാണ് പവാറിന്റെ തീരുമാനം. സിറ്റിംഗ് സീറ്റുകള്‍ വിട്ടു കൊടുക്കുന്നതില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം പാലായുടെ പേരില്‍ മാത്രം മുന്നണി വിടരുതെന്നാണ് എ. കെ ശശീന്ദ്രന്റെ നിലപാട്. നാല് സീറ്റുകളില്‍ എന്‍സിപി തുടര്‍ന്ന് മത്സരിക്കുമെന്നും 53 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്ത പാലാ വിട്ടുകൊടുക്കേണ്ടതില്ലെന്നുമാണ് മാണി സി. കാപ്പന്റെ പ്രതികരണം.
എന്‍സിപിക്കകത്ത് തന്നെ മുന്നണി മാറ്റത്തെ സംബന്ധിച്ച് രണ്ട് വിഭാഗങ്ങളില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എ. കെ. ശശീന്ദ്രന്‍ ശരദ് പവാറിനെ കാണാന്‍ മുംബൈയിലെത്തിയിരുന്നു. ഇതിന് പിന്നാലെ മാണി സി. കാപ്പനും ടി. പി പീതാംബരന്‍മാസ്റ്ററും അദ്ദേഹത്തെ കണ്ടിരുന്നു.