ലക്നൗ: ഇന്ത്യയില്‍ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നു. ഉത്തര്‍പ്രദേശിലെ ഷബ്നത്തിനെയാണ് കുടുംബത്തിലെ ഏഴുപേരെ വെട്ടിക്കൊന്ന കേസില്‍ തൂക്കിലേറ്റുന്നത്. 2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലികൊണ്ട് വെട്ടിക്കൊന്ന കേസിലാണ് വധശിക്ഷ.
ഉത്തര്‍ പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടുതവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തിയതി തീരുമാനിച്ചിട്ടില്ല. ഷബ്നത്തിന്റെ മരണവാറന്‍ഡ് പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ബുക്സാറില്‍ നിന്നാണ് തൂക്കുകയര്‍ കൊണ്ടുവരുന്നത്.
പ്രസിഡന്റിനു സമര്‍പ്പിച്ച ദയാഹര്‍ജി നിരസിക്കുകയും കേസില്‍ ഷബ്നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്. വനിതകളുടെ വധശിക്ഷ നടപ്പാക്കാനുളള സംവിധാനം 150 വര്‍ഷം മുമ്പാണ് മധുരയില്‍ നിര്‍മിച്ചത്. എന്നാല്‍ ഇതുവരെ ഒരു വനിതയെയും തൂക്കിലേറ്റിയിട്ടില്ല. ഇവിടെ സന്ദര്‍ശിച്ച ആരാച്ചാര്‍ പവന്‍ ജല്ലാദ് കുറച്ചുകൂടി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് ഷൈലേന്ദ്ര കുമാര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ ഖേദിയെന്ന ഗ്രാമത്തില്‍ 2008 ഏപ്രില്‍ 14ന് രാത്രിയാണ് ക്രൂരകൃത്യം നടത്തിയത്. കുടുംബാംഗങ്ങള്‍ക്കെല്ലാം പാലില്‍ മയക്കുമരുന്നു ചേര്‍ത്ത് നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. കാമുകനായ സലിമിനൊപ്പം ഷബ്നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്‍മാരെയും സഹോദരഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. സലിമുമായുളള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു കാരണം. രണ്ടുവര്‍ഷത്തെ വിചാരണയ്ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ഷബ്നത്തിനും സലിമിനും വധശിക്ഷ വിധിച്ചു.



















