മുംബൈ: സെന്‍സെക്‌സ് ആദ്യമായി 52,000 പോയിന്റിന് മുകളിലേക്ക് ഉയരുന്നതിനു ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. 610 പോയിന്റാണ് സെന്‍സെക്‌സിലുണ്ടായ നേട്ടം.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നിഫ്‌റ്റി ആദ്യമായി 15,100 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നത്. ഒരാഴ്‌ചത്തെ ചാഞ്ചാട്ടത്തിനു ശേഷം ഈയാഴ്‌ചയിലെ ആദ്യദിനത്തില്‍ തന്നെ നിഫ്‌റ്റി മറ്റൊരു റെക്കോഡ് സൃഷ്‌ടിച്ചു. 15,300ന് മുകളിലേക്ക് ഉയര്‍ന്ന നിഫ്‌റ്റി ആ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തതോടെ ഓഹരി വിപണിയിലെ മുന്നേറ്റ പ്രവണത ശക്തമായിരിക്കുകയാണ്. നിഫ്‌റ്റി 15,314ലും സെന്‍സെക്‌സ് 52154ലുമാണ് ക്ലോസ് ചെയ്‌തത്.
ബാങ്ക് ഓഹരികളുടെ കുതിപ്പാണ് ഇന്ന് വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. നിഫ്‌റ്റി ബാങ്ക് സൂചിക 3.32 ശതമാനം ഉയരുകയും പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തുകയും ചെയ്‌തു. ബാങ്ക് നിഫ്‌റ്റി 37,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. പൊതുമേഖലാ ബാങ്ക് ഓഹരികളും സ്വകാര്യ ബാങ്ക് ഓഹരികളും നേട്ടമുണ്ടാക്കി.
നിഫ്‌റ്റി മിഡ്‌കാപ് സൂചിക 1.3 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.4 ശതമാനം ഇടിയുകയാണ് ചെയ്‌തത്.