മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 503 പോയിന്റും നിഫ്‌റ്റി 144 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടമാണ് വ്യാപാരവേളയിലുടനീളം നിലനിന്നത്.
നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക് നീങ്ങിയില്ല. നിഫ്‌റ്റിയില്‍ വ്യാപാരത്തിനിടെ നൂറ് പോയിന്റിന്റെ വ്യതിയാനം ഉണ്ടായി.
സെന്‍സെക്‌സ് വീണ്ടും 40,000 പോയിന്റിന് മുകളിലേക്ക് ഉയരുന്നതിന് വിപണി സാക്ഷ്യം വഹിച്ചു. സെന്‍സെക്‌സ് 40,261 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,354 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 39,952 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.
11,836 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 144 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 11,723 പോയിന്റ് വരെ ഇടിഞ്ഞെങ്കിലും ശക്തമായ മുന്നേറ്റത്തിനു ശേഷം നിഫ്‌റ്റി 11,813 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 35 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 15 ഓഹരികള്‍ നഷ്‌ടത്തിലായി. ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്‌ബിഐ, പവര്‍ഗ്രിഡ്, എച്ച്‌ഡിഎഫ്‌സി എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
ഐസിഐസിഐ ബാങ്ക് 6.45 ശതമാനം നേട്ടം രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക് മികച്ച പ്രവര്‍ത്തഫലം പുറത്തുവിട്ടതാണ് ഓഹരി വിലയിലെ കുതിപ്പിന് കാരണമായത്. ഇന്നലെയും 5 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. ഹിന്‍ഡാല്‍കോ, എസ്‌ബിഐ, പവര്‍ഗ്രിഡ്, എച്ച്‌ഡിഎഫ്‌സി എന്നീ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ബാങ്ക് ഓഹരികളാണ് ഇന്നും മിച്ച നേട്ടം രേഖപ്പെടുത്തിയത്. നിഫ്‌റ്റി ബാങ്ക് സൂചിക 3.17 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി മെറ്റല്‍ സൂചിക 2.34 ശതമാനം നേട്ടം രേഖപ്പെടുത്തി.
യുപിഎല്‍, എന്‍ടിപിസി, റിലയന്‍സ്, നെസ്‌ളേ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍ 6.61 ശതമാനം ഇടിഞ്ഞു.