മുംബൈ: തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി വിപണിയില്‍ ഇടിവ്. യുഎസ് വിപണിയിലുണ്ടായ ഇടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുഎസ് ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയതിനു ശേഷം വില്‍പ്പന സമ്മര്‍ദം നേരിട്ടിരുന്നു.
സെന്‍സെക്സ് 394 പോയിന്റും നിഫ്റ്റി 96 പോയിന്റും ഇടിഞ്ഞു. 38,220 പോയിന്റിലാണ് സെന്‍സെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 38,402 പോയിന്റ് വരെ വ്യാപാരത്തിനിടെ സെന്‍സെക്സ് ഉയര്‍ന്നിരുന്നു. 11,312 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 13 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 37 ഓഹരികള്‍ നഷ്ടം നേരിട്ടു. എന്‍ടിപിസി, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബിപിസിഎല്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. എന്‍ടിപിസി 6.87 ശതമാനം ഉയര്‍ന്നു.
എനര്‍ജി ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്റ്റി എനര്‍ജി സൂചിക 1.98 ശതമാനം ഉയര്‍ന്നു. അദാനി ട്രാന്‍സ്മിഷന്‍ പത്ത് ശതമാനം നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. ടാറ്റാ പവര്‍ എട്ട് ശതമാനം മുന്നേറി. മെറ്റല്‍ ഓഹരികളും നേട്ടമുണ്ടാക്കി. പ്രമുഖ മെറ്റല്‍ ഓഹരിയായ ജിന്റാല്‍ സ്റ്റീല്‍ 3.25 ശതമാനം ഉയര്‍ന്നു. തുടര്‍ച്ചയായി മെറ്റല്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലും കണ്ടത്.
അതേസമയം ബാങ്ക് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. നിഫ്റ്റി ബാങ്ക് സൂചിക 1.29 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചികയിലെ 11 ഓഹരികളില്‍ പത്തും നഷ്ടം നേരിട്ടു.
ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട അഞ്ച് ഓഹരികള്‍. ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.


















