മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം രേഖപ്പെടുത്തി. ഇന്ന് വിപണിയില്‍ കയറ്റിറക്കങ്ങള്‍ ശക്തമായിരുന്നു. ഒരു ശതമാനം ഉയര്‍ന്ന് 14,919ലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. 447 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 50,296ല്‍ ക്ലോസ് ചെയ്‌തു.
നിഫ്‌റ്റിയിലെ 43 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഏഴ് ഓഹരികള്‍ മാത്രമാണ് നഷ്‌ടത്തിലായത്. 5.13 ശതമാനം നേട്ടം രേഖപ്പെടുത്തിയ ടാറ്റാ മോട്ടോഴ്‌സ് ആണ് ഉയര്‍ച്ചയില്‍ മുന്നില്‍. മഹീന്ദ്ര & മഹീന്ദ്ര, വിപ്രോ, അദാനി പോര്‍ട്‌സ് എന്നീ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.
ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്‌ച വെച്ചത്. നിഫ്‌റ്റി ഓട്ടോ സൂചിക 3.2 ശതമാനവും നിഫ്‌റ്റി ഐടി സൂചിക മൂന്ന് ശതമാനവും ഉയര്‍ന്നു. നിഫ്‌റ്റി എഫ്‌എംസിജി സൂചികയും ഫാര്‍മ സൂചികയും ഒരു ശതമാനം വീതം നേട്ടം രേഖപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ്, മെറ്റല്‍, മീഡിയ സൂചികകള്‍ 0.80 ശതമാനം വീതം നേട്ടമാണ് കൈവരിച്ചത്.
മിഡ്‌കാപ്, സ്‌മോള്‍കാപ് സൂചികകള്‍ നിഫ്‌റ്റിയേക്കാള്‍ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി മിഡ്‌കാപ് സൂചിക 1.7 ശതമാനവും സ്‌മോള്‍കാപ് സൂചിക 1.2 ശതമാനവും ഉയര്‍ന്നു.
എന്‍എസ്‌ഇയിലെ 1160 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 724 ഓഹരികള്‍ നഷ്‌ടം നേരിട്ടു.



















