മുംബൈ: സെന്‍സെക്സ് വീണ്ടും 51,000ന് മുകളിലേക്ക് ഉയരുന്നതിനാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. 51039.31 പോയിന്റിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം രേഖപ്പെടുത്തി. 15,176 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 15,097ലാണ് ക്ലോസ് ചെയ്തത്.
വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പ് ദൃശ്യമായി. റിലയന്‍സ് ഇന്റസ്ട്രീസ് ആണ് ഇന്ന് സൂചികയുടെ ഉയര്‍ച്ചക്ക് പ്രധാന സംഭാവന ചെയ്തത്. റിലയന്‍സ് ഇന്ന് 4.23 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഓഹരികളായ കോള്‍ ഇന്ത്യ, യുപിഎല്‍, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ്, ബിപിസിഎല്‍, ഒഎന്‍ജിസി എന്നിവ അഞ്ച് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
ഇന്നും മെറ്റല്‍ ഓഹരികളുടെ കുതിപ്പാണ് കണ്ടത്. നിഫ്റ്റി മെറ്റല്‍ സൂചിക നാല് ശതമാനത്തോളം ഉയര്‍ന്നു. മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് നിഫ്റ്റി മെറ്റല്‍ സൂചിക ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് നേട്ടം രേഖപ്പെടുത്തി.
മിഡ്കാപ് സൂചിക 1.5 ശതമാനവും സ്മോള്‍കാപ് സൂചിക 1.4 ശതമാനവും നേട്ടം രേഖപ്പെടുത്തി. എന്‍എസ്ഇയിലെ 1264 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 622 ഓഹരികള്‍ നഷ്ടം നേരിട്ടു.