മുംബൈ: തുടര്‍ച്ചയായ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ ഇന്ന് കരയറ്റം. സെന്‍സെക്‌സ് 835 പോയിന്റും നിഫ്‌റ്റി 244 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. ആഗോള വിപണികളിലെ കരകയറ്റത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയും തിരികെ കയറിയത്.
37,388 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ 36,730.52 പോയിന്റ് വരെ ഇടിഞ്ഞെങ്കിലും പിന്നീട് ശക്തമായ കരകയറ്റം നടത്തുകയായിരുന്നു. നിഫ്‌റ്റി 11,000 പോയിന്റിന് മുകളിലേക്ക് വീണ്ടും തിരികെ കയറി. 11,050 പോയിന്റിലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. രാവിലെ 10,854 പോയിന്റ് വരെ ഇടിഞ്ഞ നിഫ്‌റ്റി അവിടെ നിന്നും 200 പോയിന്റോളം മുന്നേറി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് ലാഭത്തിലായിരുന്നു. 47 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മൂന്ന് ഓഹരികള്‍ മാത്രമാണ് നഷ്‌ടത്തിലായത്. ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഭാരതി എയര്‍ടെല്‍, എല്‍&ടി എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിന്‍സെര്‍വ് 6.60 ശതമാനം നേട്ടമുണ്ടാക്കി. എച്ച്‌സിഎല്‍ ടെക്, സിപ്ല, ഭാരതി എയര്‍ടെല്‍, എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഗ്രാസിം ഇന്റസ്‌ട്രീസ്, അദാനി പോര്‍ട്‌സ് എന്നീ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
എസ്‌ബിഐ ലൈഫ്, ബിപിസിഎല്‍, യുപിഎല്‍ എന്നിവ മാത്രമാണ് നഷ്‌ടം രേഖപ്പെടുത്തിയ മൂന്ന് നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ് 6.60 ശതമാനം നഷ്‌ടം നേരിട്ടു.
ഓട്ടോ, ഐടി ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി ഓട്ടോ സൂചിക 3.38 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 3.46 ശതമാനവും നേട്ടം രേഖപ്പെടുത്തി. ബാങ്ക്, എഫ്‌എംസിജി, ഫാര്‍മ ഓഹരികളിലും കരകയറ്റം ദൃശ്യമായിരുന്നു.