അന്വേഷണത്തില്‍ ലീഡുകള്‍ കിട്ടിയാല്‍ പിന്നെ ഊണും ഉറക്കവുമില്ല. രണ്ടുനദികള്‍ കടന്നുചെന്ന് കാണാതായ ഏഴുവയസുകാരനെ കണ്ടുപിടിച്ചപ്പോള്‍ അവന് വീട്ടില്‍ പോകണ്ടാന്ന്. രണ്ടരമാസത്തിനുള്ളില്‍ സീമ ധാക്ക കണ്ടുപിടിച്ചത് കാണാതായ 76 കുട്ടികളെ. ഇതുവരെ ആരും കാട്ടാത്ത റെക്കോഡ് മികവിന് കിടിലന്‍ പ്രമോഷന്‍ സമ്മാനമായി നല്‍കി ഡല്‍ഹി പൊലീസ്. സീമയാണ് തലസ്ഥാനത്തെ താരം …
ഒരുജോലി ഏല്‍പിച്ച് കഴിഞ്ഞാല്‍ പിന്നെ സീമ ധാക്കയ്ക്ക് വേറൊന്നും ചിന്തയില്ല. പരമാവധി റിസല്‍റ്റുണ്ടാക്കുക. അതുകൊണ്ട് തന്നെ ഡല്‍ഹി പൊലീസിന് സീമയ്ക്ക് വേണ്ടി ചട്ടങ്ങളെല്ലാം മാറ്റി മറിയ്ക്കേണ്ടി വന്നു. സീമ ധാക്കയുടെ സേവനത്തിനുള്ള അംഗീകാരമായി ഡല്‍ഹി പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന സീമയ്ക്ക് ഔട്ട് ഓഫ് ടേണ്‍ സ്ഥാനക്കയറ്റംവഴി എ എസ് ഐ റാങ്കു നല്‍കി ആദരിച്ചു. തനിക്കു ലഭിച്ച അംഗീകാരം കൂടുതല്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പ്രോത്സാഹനമാകും എന്ന് കരുതുന്നതായി സീമ ധാക്ക പറഞ്ഞു.
കാണാതായ 76 കുട്ടികളെ രണ്ടര മാസത്തിനുള്ളില്‍ കണ്ടുപിടിച്ചു. അതില്‍ 56 പേര്‍ 14 വയസില്‍ താഴെയുള്ളവര്‍. തങ്ങള്‍ ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ കുട്ടികളെ തിരിച്ചുകിട്ടുമ്പോള്‍ എന്തൊരു സന്തോഷമായിരിക്കും. അതേ സന്തോഷം തന്നെയാണ് ഒരമ്മ കൂടിയായ സീമയ്ക്ക്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ച ഒരു ഇന്‍സന്റീവ് സ്‌കീമിന്റെ ഭാഗമായിരുന്നു കാണാതായ കുട്ടികള്‍ക്കായുള്ള അന്വേഷണം.
ഒരുവിശ്രമവും ഇല്ലാതെയായിരുന്നു ജോലി. എനിക്ക് കിട്ടുന്ന വിവരങ്ങള്‍ പ്രകാരം മുമ്പോട്ട് പോയി. തീര്‍ച്ചായും ഞാന്‍ സന്തോഷവതിയാണ്. ഡല്‍ഹി പൊലീസില്‍ ഇങ്ങനെ ഒരു പ്രമോഷന്‍ കിട്ടുന്ന ആദ്യ ഉദ്യോഗസ്ഥയായ സീമ ധാക്ക പറഞ്ഞു.
സമയ്പൂര്‍ ബദ്ലി പൊലീസ് സ്റ്റേഷനിലാണ് സീമ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഓഗസ്റ്റ് 7 നാണ് ഡല്‍ഹി പൊലീസ് കമ്മീഷണറായ എസ്എന്‍ ശ്രീവാസ്തവ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അക്കൂട്ടത്തില്‍ 12 മാസത്തിനുള്ളില്‍ 14 വയസില്‍ താഴെയുള്ള കാണാതായ 50 ല്‍ അധികം കുട്ടികളെ രക്ഷിക്കുന്ന കോണ്‍സ്റ്റബിളിനോ, ഹെഡ് കോണ്‍സ്റ്റബിളിനോ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു.
പദ്ധതി പ്രകാരം രക്ഷപ്പെടുത്തുന്ന പതിനഞ്ചോളം കുട്ടികളെങ്കിലും എട്ടില്‍ താഴെ വയസുള്ളവരായിരിക്കണം. 12 മാസത്തിനുള്ളില്‍ 14 വയസില്‍ താഴെയുള്ള 15 കുട്ടികളെയോ അതില്‍ കൂടുതലോ രക്ഷിക്കുന്നവര്‍ക്ക് അസാധാരണ്‍ കാര്യ പുരസ്‌കാറും പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിയില്‍ നിന്ന് മാത്രമല്ല, മറ്റുസംസ്ഥാനങ്ങളില്‍ നിന്നും സീമകുട്ടികളെ രക്ഷിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് രണ്ടുകുട്ടികള്‍, പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിന്ന് രണ്ടുപേര്‍, ഗൂര്‍ഗോണ്‍, ഗസ്സിയാബാദ്, നോയിഡ, പാനിപ്പത്ത്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുകയുണ്ടായി.


















