ഡല്‍ഹി: മൂന്ന് മാസത്തിനുളളില്‍ ഡല്‍ഹിയില്‍ നിന്നും കാണാതായ 76 കുട്ടികളെ കണ്ടെത്തി ഡല്‍ഹി പോലീസിലെ വനിത ഹെഡ് കോണ്‍സ്റ്റബിള്‍ സീമ ധാക്ക. 76 കുട്ടികളെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ച ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനത്തോടൊപ്പം ഡല്‍ഹി പോലീസ് സ്ഥാനക്കയറ്റവും നല്‍കി. മികച്ച സേവനത്തിന് സ്ഥാനക്കയറ്റം കിട്ടുന്ന ഡല്‍ഹിയിലെ ആദ്യത്തെ പോലീസ് ഓഫീസറാണ് സീമ. അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കാണ് സീമയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയിലാണ് സീമ അന്വേഷണം നടത്തിയത്. മൂന്ന് മാസത്തെ അന്വേഷണത്തിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്. ഡല്‍ഹി കൂടാതെ പഞ്ചാബ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കണ്ടെത്തിയവരില്‍ 56 കുട്ടികള്‍ 14 വയസ്സിന് താഴെയുളളവരാണ്.
WHC Seema Dhaka is currently posted in the Outer North District. She has been granted Promotion out-of-turn by CP Delhi for recovery of 76 missing children in the last 3 months @CPDelhi @LtGovDelhi @PMOIndia @HMOIndia #WearAMask #SocialDistancing #WashYourHands pic.twitter.com/NvX54FA0a6
— Delhi Police (@DelhiPolice) November 18, 2020
കുട്ടികളെ കാണാതാകുന്ന കേസുകളില്‍ മികച്ച രീതിയില്‍ അന്വേഷണം നടത്തുന്നതിനായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്. എന്‍ ശ്രീവാസ്തവ ഓഗസ്റ്റില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതി പ്രകാരം കേസില്‍ മികച്ച രീതിയില്‍ അന്വേഷണം നടത്തുന്നവര്‍ക്ക് പ്രൊമോഷനും നല്‍കും. ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലുളള ഉദ്യോഗസ്ഥര്‍ 12 മാസത്തിനുളളില്‍ കാണാതായ 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുട്ടികളെ കണ്ടെത്തണമെന്നതാണ് പദ്ധതി. ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തിയാല്‍ ഔട്ട് ഓഫ് ടേണ്‍ പ്രൊമോഷന് അര്‍ഹരാണ്.
പദ്ധതി ആരംഭിച്ചതോടെ കുട്ടികളെ കാണാതായ പരാതികളില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഡല്‍ഹിയില്‍ നിന്നും 3,507 കുട്ടികളെയാണ് കാണാതായത്.