തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാഹചര്യം അനുകൂലമാകുമ്പോള്‍ സ്‌കൂളുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ക്കായി 3,74,270 ഹൈടെക് ഉപകരണങ്ങള്‍ നല്‍കി കഴിഞ്ഞു. എട്ട് മുതല്‍ പ്ലസ്ടുവരെ 45,000 ഹൈടെസ് ക്ലാസ് മുറികളും സാധ്യമായി. നേട്ടങ്ങളെല്ലാം ഞങ്ങള്‍ക്ക് മാത്രമാണുള്ളത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ചിലത് മറ്റുള്ളവരും ചെയ്തിട്ടുണ്ടാവാം. അത് പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിനും കഴിഞ്ഞു. ഇത് നാടിന്റെ നേട്ടമായി കാണണം. നേടിയ നേട്ടങ്ങള്‍ മറച്ച് വെക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂതനമായ പഠന സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ സംസ്ഥാനത്തെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിമാനകരമായ ഒരു നേട്ടമാണിത്. വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകള്‍ക്കും ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ഉറച്ച തീരുമാനമായിരുന്നു. പ്രളയങ്ങളും മഹാമാരിയുമടക്കം നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നു വന്നിട്ടും ദൃഢനിശ്ചയത്തോടെ ആ ലക്ഷ്യം നമുക്ക് പൂര്‍ത്തീകരിക്കാനായി. നമുക്കൊത്തൊരുമിച്ച് കൂടുതല്‍ മികവിലേക്ക് വരും കാലങ്ങളില്‍ നമ്മുടെ വിദ്യാലയങ്ങളെ കൈ പിടിച്ചുയര്‍ത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.